തൊണ്ണൂറുകളില്‍ പുറത്തിറങ്ങി വിജയിച്ച മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജസേനന്‍. 1984 ല്‍ പുറത്തിറങ്ങിയ ആഗ്രഹം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാജസേനന്‍ റിപ്പീറ്റ് വാല്യൂവുള്ള ഒട്ടനവധി ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ജയറാമിനെ നായകനാക്കി സംവിധായകന്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങളാണ് ഇതില്‍ ഭൂരിഭാഗവും എന്നതും ശ്രദ്ധേയമാണ്.
ഭൂരിഭാഗം ചിത്രങ്ങളും മലയാളത്തില്‍ വലിയ വിജയം നേടിയിരുന്നെങ്കിലും അന്യഭാഷകളിലേക്ക് രാജസേനന്‍ ഈ ചിത്രങ്ങള്‍ റീമേക്ക് ചെയ്തിരുന്നില്ല. പകരം ചിത്രങ്ങളുടെ റൈറ്റ്‌സ് അതത് ഭാഷകളിലെ നിര്‍മാതാക്കള്‍ക്ക് വില്‍ക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തില്‍ ഒരു സാധ്യതയെ എന്തുകൊണ്ട് ഉപയോഗപ്പെടുത്തിയില്ല എന്നതിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസേനന്‍. Photo: Mathrubhumi
‘എന്റെ പ്രധാനപ്പെട്ട ചിത്രങ്ങളുടെയെല്ലാം റൈറ്റ്‌സ് വിറ്റിട്ടുണ്ട്. ചെന്നൈയില്‍ സിനിമയുടെ ഡബ്ബിങ് നടക്കുമ്പോള്‍ തന്നെ ചിത്രത്തിന്റെ തെലുങ്ക് തമിഴ് റീമേക്കിനുള്ള റൈറ്റ്‌സ് വിറ്റ് പോവാറുണ്ട്. ഡാര്‍ലിങ് ഡാര്‍ലിങ് പ്രിവ്യൂ കഴിഞ്ഞപ്പോള്‍ തന്നെ റൈറ്റ്‌സ് വിറ്റുപോയിരുന്നു. ഒരു പാര്‍ട്ടി സിനിമ കാണാന്‍ ഇരിക്കുന്നുണ്ട്, നമ്മുടെ ചിത്രം നല്ലതാണോ ചീത്തയാണോ എന്ന് ഇത് കഴിയുമ്പോള്‍ പറയും എന്നായിരുന്നു ഒരാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞത്. നല്ല സിനിമയാണെന്ന് എനിക്കറിയാം അവരില്ലെങ്കില്‍ വേറെ ആള്‍ വാങ്ങിക്കൊള്ളും എന്നായിരുന്നു ഞാന്‍ മറുപടി നല്‍കിയത്.
പക്ഷേ എഗ്രിമെന്റെ് പോലും എഴുതാന്‍ നില്‍ക്കാതെ ഒരു പേപ്പറില്‍ ഒപ്പിട്ട് നല്‍കി ഒമ്പത് ലക്ഷം രൂപ നല്‍കുകയായിരുന്നു. ഇതുപോലെ തന്നെയായിരുന്നു ഭൂരിഭാഗം ചിത്രങ്ങളും. സത്യം പറഞ്ഞാല്‍ ആ ബിസിനസ് എനിക്കറിയില്ലായിരുന്നു. കാരണം ഒരു സിനിമയ്ക്ക് വേണ്ടി ഒരിക്കല്‍ ചിന്തിച്ചാല്‍ ഒരു മൂന്ന് നാല് സിനിമ വരെ കുറഞ്ഞത് ചെയ്യാമായിരുന്ന ഒരു ബിസിനസ് അതിനകത്ത് ഉണ്ടായിരുന്നു.
അന്ന് ജയറാം തുടര്‍ച്ചയായി എനിക്ക് ഡേറ്റ് തന്നതുകൊണ്ട് ഒരു പ്രൊജക്ട് കഴിഞ്ഞ് അടുത്ത പ്രൊജക്ട് എന്ന രീതിയില്‍ പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. ഇടം വലം തിരിയാനുള്ള സമയം അന്നില്ലായിരുന്നു. റൈറ്റ്‌സ് വിറ്റുകഴിഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടമുള്ള ആളെക്കൊണ്ട് ചിത്രം സംവിധാനം ചെയ്യാമായിരുന്നു,’രാജസേനന്‍ പറഞ്ഞു.
ഡാര്‍ലിങ് ഡാര്‍ലിങ്. Photo: IMDB
കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലെപറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി തുടങ്ങി ആരാധകരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ഒട്ടനവധി ചിത്രങ്ങളാണ് ഈ ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്.
Content Highlight: Rajasenan talks about why he didn’t remake his hit Malayalam movies in other languages