കുടുംബചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായിരുന്നു രാജസേനൻ. 1993-ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രമാണ് രാജസേനനെ ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ പ്രശസ്തനാക്കിയത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിലൂടെ സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഇതിനു പുറമെ ടെലിവിഷൻ സീരിയൽ സംവിധാന – അഭിനയ രംഗത്തും അദ്ദേഹം സജീവമായിരുന്നു.
രാജസേനൻ.photo.Mathrubhumi English
മലയാള സിനിമയിൽ എളിമയും അഭിനയമികവും കൊണ്ട് ഒരുപോലെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാര രംഗത്ത് നിന്നാണ് ഇന്ദ്രൻസ് സിനിമയിലെത്തുന്നത്. പിന്നീട് ഒരു ഹാസ്യ താരത്തിൽ നിന്നും മികച്ച നടനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങളുടെ തിളക്കത്തിലേക്ക് അദേഹത്തിന്റെ വളർച്ച മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒന്നായിരുന്നു. ഇപ്പോഴിതാ ഇന്ദ്രൻസിന്റെ കരിയറിന്റെ തുടക്കകാലത്തെ ചില അപൂർവ്വ നിമിഷങ്ങൾ പങ്കുവെക്കുകയാണ് രാജസേനൻ. മൂവി വേൾഡ് മീഡിയ ഗ്ലോബൽ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തുടക്കകാലങ്ങളിൽ ഇന്ദ്രൻസിന്റെ രൂപം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന് സിനിമകൾ ലഭിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചെറിയ മുഖവും മെലിഞ്ഞ ശരീരവുമൊക്കെയായിരുന്നു അതിന് കാരണം. എന്നാൽ പിന്നീട് അതിലൊക്കെ മാറ്റം വന്നു. കുറച്ചുകൂടി തടിയൊക്കെ വെച്ച് ലുക്ക് മാറിയെങ്കിലും, ആ മുഖത്ത് പുള്ളി മനപൂർവം അഭിനയിക്കാതെ തന്നെ ഒരു കഥാപാത്രത്തിന്റെ ഭാവം തനിയെ വരും. ചില റോളുകളിൽ പുള്ളി വെറുതെ നിന്നാൽ മാത്രം മതിയാകും. പ്രത്യേകിച്ച് ആ നിസ്സഹായാവസ്ഥയൊക്കെ അവതരിപ്പിക്കാൻ ഒരു രക്ഷയുമില്ല.
അങ്ങനെയുള്ള നിസ്സഹായാവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണമാണ് കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സിനിമയിലെ ഒരു രംഗം. നായിക പിണങ്ങിപ്പോവുകയും, ആശുപത്രി നോക്കിനടത്താൻ പറ്റാത്ത സാഹചര്യത്തിൽ ആശുപത്രി പൂട്ടിയിട്ട് അതിന്റെ താക്കോൽ ജയറാമിന്റെ അടുത്ത് കൊണ്ടുവന്ന് കൊടുക്കുന്ന ഒരു ഷോട്ട് ഉണ്ട്. ആ ഷോട്ടിൽ കുറച്ചുപേർ നടന്നു വരികയാണ്, പക്ഷെ പുള്ളി മാത്രമാണ് ഫ്രെയിമിലുള്ളത്. ജയറാം അടുത്ത ഷോട്ടിലാണ് ജോയിൻ ചെയ്യുന്നത്. എനിക്ക് ഇപ്പോഴും ഓർമയുണ്ട്, ആ ഷോട്ട് കഴിഞ്ഞപ്പോൾ അവിടെ കൂടിനിന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞുപോയി.
പക്ഷേ, അന്നത്തെ ഇന്ദ്രനെ വെച്ച് ഇന്നത്തെ ഇന്ദ്രനെ അളക്കാൻ പറ്റില്ല. കാരണം അന്ന് കോമഡി മാത്രം ചെയ്തുകൊണ്ടിരുന്ന ഇന്ദ്രനാണ്. അന്ന് ആ ഷോട്ടിൽ ഞങ്ങൾ വേറെയൊന്നും തന്നെ ഇന്ദ്രനോട് പറഞ്ഞു കൊടുത്തിരുന്നില്ല. ആ സാഹചര്യം മാത്രം പറഞ്ഞു കൊടുത്തു, അദ്ദേഹം വന്നു നിന്നു. ആ ഷോട്ട് എനിക്കൊരിക്കലും മറക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ കഴിവ് അന്നേ അടയാളപ്പെടുത്തപ്പെട്ടതാണ്. എങ്കിലും ഇന്ന് ഇത്രയും വലിയ ഉയരത്തിലേക്ക് ഇന്ദ്രൻസ് വളരുമെന്ന് സത്യത്തിൽ ഞാൻ വിചാരിച്ചിരുന്നില്ല. ഭയങ്കരമായ ഒരു ട്രാൻസിഷൻ ആണ് ഇന്ദ്രൻസിന് സംഭവിച്ചത്. തമിഴിൽ അദ്ദേഹം ഈ അടുത്ത് ചെയ്ത കറുപ്പ് എന്ന സിനിമ കണ്ടിട്ട് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു, ഗംഭീര അഭിനയമായിരുന്നു പുള്ളി അതിൽ കാഴ്ചവെച്ചത്,’ രാജസേനൻ പറഞ്ഞു.
ഇന്ദ്രൻസ്.photo.screen grab/youtube
Content Highlight:Rajasenan talks about Indrans transition as an actor