| Saturday, 13th June 2026, 9:31 am

കാസ്റ്റിങ്ങില്‍ ജയറാം ഇടപെട്ടതോടെ ഞങ്ങള്‍ ചെറുതായി അകന്നു, പിന്നീട് ആ പ്രശ്‌നം വലുതാക്കിയത് അവരായിരുന്നു: രാജസേനന്‍

അമര്‍നാഥ് എം.

മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകളൊരുക്കിയ കൂട്ടുകെട്ടാണ് ജയറാം- രാജസേനന്‍ എന്നിവരുടേത്. 1991ല്‍ കടിഞ്ഞൂല്‍ കല്യാണത്തിലൂടെയാണ് ഈ കോമ്പോ ആരംഭിച്ചത്. 15 വര്‍ഷത്തില്‍ 16 സിനിമകളാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചത്. ഓരോന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമകളാണ്. 2006ല്‍ പുറത്തിറങ്ങിയ കനക സിംഹാസനത്തിലാണ് ഈ കോമ്പോ അവസാനമായി ഒന്നിച്ചത്.

പിന്നീടൊരിക്കലും ഈ കോമ്പോ ഒന്നിച്ചിട്ടില്ല. ഇരുവരും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മകളുടെ കല്യാണത്തിന് ജയറാം വിളിച്ചില്ലെന്ന് രാജസേനന്‍ പറഞ്ഞതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. താനും ജയറാമും തമ്മില്‍ ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജസേനന്‍.

രാജസേനന്‍ Photo: Screen grab/ Movie world Media

താനും ജയറാമും ഒരുമിച്ച് ചെയ്ത സിനിമകളിലൊന്നും കഥയിലോ കഥാപാത്രങ്ങളുടെ കാര്യത്തിലോ ജയറാം ഇടപെടാറില്ലായിരുന്നെന്ന് രാജസേനന്‍ പറഞ്ഞു. അങ്ങനെ ഇടപെടാനുള്ള അവസരം താന്‍ കൊടുക്കാറില്ലായിരുന്നെന്നും 16 സിനിമകളും ചെയ്തത് അങ്ങനെയാണെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജയറാമിന് കഥയില്‍ ഇടപെടാന്‍ അറിയില്ല. അതാണ് സത്യം. ഓരോ സിനിമ കഴിയുമ്പോഴും അടുത്ത പടത്തിന്റെ വണ്‍ലൈന്‍ ഞാന്‍ ഫോണിലൂടെ പറഞ്ഞുകൊടുക്കും. പിന്നീട് അത് സ്‌ക്രിപ്റ്റാക്കി, ലൊക്കേഷനിലെത്തുമ്പോഴാണ് ജയറാം അത് വായിക്കുക. അതായിരുന്നു പതിവ്. മധുചന്ദ്രലേഖയും കനക സിംഹാസനവും കഴിഞ്ഞ് അടുത്ത പടത്തിലേക്ക് എത്തിയപ്പോഴാണ് ഇത് ആരംഭിച്ചത്.

ജയറാം Photo: Screen grab/ Behindwoods TV

അയാള്‍ കഥയില്‍ ഇടപെടുകയാണ് എന്ന് കണ്ടപ്പോള്‍ ‘ഇതുവരെ ഇങ്ങനെ അല്ലല്ലോ ചെയ്തുകൊണ്ടിരുന്നത്’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘ഇനിയങ്ങനെ ചെയ്യണ്ടേ’ എന്നായിരുന്നു ജയറാമിന്റെ മറുപടി. എങ്കില്‍ പിന്നെ ഞാനില്ല, നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞ് ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്മാറി. സ്‌നേഹത്തിലായിരുന്നു അത് പറഞ്ഞത്. അപ്പോഴും തമ്മില്‍ വഴക്കായില്ല. പക്ഷേ, സ്‌ട്രോങ്ങായി നില്‍ക്കുന്ന രണ്ട് പേര്‍ ചെറുതായി അകന്നപ്പോള്‍ അതിനെ കൊത്തി വലിക്കാന്‍ വേണ്ടി ചിലര്‍ വന്ന് കൂടുതല്‍ അകറ്റി,’ രാജസേനന്‍ പറഞ്ഞു.

ഇനിയും ഒന്നിച്ച് ഒരു സിനിമ ചെയ്യാനുള്ള ഇനിഷ്യേറ്റീവ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് രാജസേനന്‍ പറയുന്നു. പഴയ സൗഹൃദത്തിലേക്ക് പോകാന്‍ താന്‍ ശ്രമിച്ചിട്ടും അത് നടന്നില്ലെന്നും താനായിട്ട് ഒരു സിനിമ ചെയ്യാന്‍ ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ജയറാമായിട്ട് ഒരു സിനിമക്കായി ഇനിഷ്യേറ്റീവെടുത്താല്‍ അപ്പോള്‍ നോക്കുമെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Rajasenan explains what happened between him and Jayaram

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more