ഒരുകാലത്ത് മലയാളികള്‍ക്ക് ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ സമ്മാനിച്ച കോമ്പോയാണ് ജയറാം- രാജസേനന്‍. 15 വര്‍ഷത്തിനിടെ ഇരുവരുമൊന്നിച്ച 16 സിനിമകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ കോമ്പോ പിരിഞ്ഞ ശേഷം ഇരുവര്‍ക്കും അത്ര നല്ല സമയമല്ല. തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം ജയറാം മലയാളസിനിമ വിടുകയും രാജസേനന്‍ ഫീല്‍ഡ് ഔട്ടിന്റെ വക്കിലെത്തി നില്‍ക്കുകയും ചെയ്യുന്നു.
1991ല്‍ കടിഞ്ഞൂല്‍ കല്യാണത്തില്‍ ആരംഭിച്ച കോമ്പോ 2006ല്‍ പുറത്തിറങ്ങിയ കനക സിംഹാസനം വരെ തുടര്‍ന്നു. ഇരുവരും തമ്മിലുള്ള അകല്‍ച്ച സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. ജയറാമിന്റെ മകളുടെ കല്യാണത്തിന് രാജസേനന്റെ അസാന്നിധ്യം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് രാജസേനന്‍.
രാജസേനന്‍ Photo: Screen grab/ Movie world media
സോഷ്യല്‍ മീഡിയയില്‍ പലരും തന്നോട് ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാറുണ്ടെന്ന് രാജസേനന്‍ പറഞ്ഞു. അവരോടെല്ലാം വളരെ ചെറിയ രീതിയില്‍ മറുപടി നല്‍കുകയാണ് പതിവെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജസേനന്‍.
‘എന്നെ ആ കല്യാണത്തിന് വിളിക്കാത്തതുകൊണ്ട് പോയില്ല. അത് അത്രയേ ഉള്ളൂ. അതിന് മുമ്പ് എന്റെ മകളുടെ കല്യാണമായിരുന്നു നടന്നത്. അതിന് വിളിച്ചപ്പോള്‍ ജയറാം വന്നിരുന്നില്ല. അയാള്‍ സാമാന്യബുദ്ധിയോടെയാണ് അത് ചെയ്തത്. കാരണം, എന്നെ ഒരു കല്യാണത്തിന് വിളിച്ച് ഞാന്‍ പോയില്ലെങ്കില്‍ പിന്നീട് ഞാന് വിളിക്കുന്ന കല്യാണത്തിന് അയാള്‍ വരുമോ എന്ന് ചിന്തിച്ചാല്‍ മതി.
അത് തന്നെയാണ് ഇവിടെയും നടന്നത്. അതിനെ കുറച്ചുകൂടി എളുപ്പമാക്കിയിട്ട് എന്നെ കല്യാണത്തിന് വിളിച്ചതേയില്ല. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആളുകള്‍ എന്നോട് ഇതിനെപ്പറ്റി ചോദിക്കാറുണ്ട്. ഇത്ര വിശദീകരിക്കാതെ, സിമ്പിളായി മറുപടി നല്‍കും. ഇനിയും അതിനെപ്പറ്റി ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല,’ രാജസേനന്‍ പറയുന്നു.
തങ്ങള്‍ ഒരുമിച്ച് ചെയ്ത സിനിമയുടെ സ്‌ക്രിപ്റ്റിലും കാസ്റ്റിങ്ങിലുമൊന്നും ജയറാം ആദ്യകാലത്ത് ഇടപെടാറില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കനക സിംഹാസനത്തിന് ശേഷം ഈ രീതി തുടങ്ങാന്‍ ജയറാം ശ്രമിച്ചെന്നും അതാണ് തങ്ങള്‍ക്കിടയില്‍ പ്രശ്‌നമാകാന്‍ കാരണമെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു. ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ താന്‍ മുന്‍കൈയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Rajasenan about the issues with Jayaram
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ