ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ എന്നാണ് ആരാധകര്‍ പ്രഭാസിനെ വിളിക്കുന്നത്. ബാഹുബലിക്ക് ശേഷം നിരാശ നല്‍കിയ സിനിമകളാണ് പ്രഭാസ് കൂടുതലും ചെയ്തതെങ്കിലും അവയില്‍ പലതും ആദ്യദിനം 100 കോടി നേടിയിരുന്നു. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ രാജാസാബ് ബോക്‌സ് ഓഫീസില്‍ കിതക്കുകയാണ്.
റിലീസ് ചെയ്ത് പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും 200 കോടി നേടാന്‍ രാജാസാബ് പാടുപെടുകയാണ്. ആദ്യദിനം 95 കോടി നേടിയ ചിത്രം പിന്നീട് കളക്ഷനില്‍ പിന്നോട്ട് പോവുകയായിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസില്‍ ക്ലാഷിന് മറ്റ് സിനിമകള്‍ ഇല്ലാതെ പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രേക്ഷകര്‍ നിഷ്‌കരുണം രാജാസാബിനെ കയ്യൊഴിഞ്ഞു.
രാജാസാബ് 200 കോടി നേടാന്‍ പാടുപെടുന്നതിനിടയില്‍ പ്രഭാസിന്റെ സ്റ്റാര്‍ഡത്തെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം വിജയ് ആരാധകര്‍. പ്രഭാസിനെക്കാള്‍ സ്റ്റാര്‍ഡം വിജയ്ക്ക് ഉണ്ടെന്നാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. 2022ല്‍ ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെ.ജി.എഫ് 2വിനൊപ്പം വിജയ് നായകനായ ബീസ്റ്റ് ക്ലാഷ് റിലീസിനെത്തിയിരുന്നു.
പലരും ആകാംക്ഷയോടെ ഉറ്റുനോക്കിയ ക്ലാഷില്‍ വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കെ.ജി.എഫ് 2 ചരിത്രവിജയമായപ്പോള്‍ ബീസ്റ്റ് വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി മാറി. നെഗറ്റീവ് റിവ്യൂ ലഭിച്ചിട്ടും ബീസ്റ്റ് 250 കോടിയോളമാണ് കളക്ഷന്‍ നേടിയത്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ഇല്ലാതെയാണ് ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കിയത്.
ബീസ്റ്റ് Photo: screen grab/ Sun Pictures
എന്നാല്‍ പാന്‍ ഇന്ത്യന്‍ റിലീസും ആദ്യ വീക്കെന്‍ഡില്‍ ആന്ധ്രയിലും തെലങ്കാനയിലും വലിയ വിലക്ക് ടിക്കറ്റ് വിറ്റിട്ടും ഇത്രയും ചെറിയ കളക്ഷനില്‍ രാജാസാബ് ഒതുങ്ങിയിരിക്കുകയാണ്. ഓപ്പണിങ്ങില്‍ മാത്രം തിളങ്ങുന്ന പ്രഭാസ് ഇപ്പോള്‍ എക്‌സ്‌പോസ്ഡായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതുവരെ വെറും 180 കോടി മാത്രമാണ് ചിത്രം സ്വന്തമാക്കിയത്.
450 കോടി ബജറ്റിലൊരുങ്ങിയ ചിത്രം നിര്‍മാതാവിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മിനിമം 140 കോടിയുടെ നഷ്ടമെങ്കിലും രാജാസാബ് വരുത്തുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ആദിപുരുഷ്, രാധേ ശ്യാം, സാഹോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ഏറ്റവും വലിയ നഷ്ടമായി രാജാസാബ് മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
പ്രഭാസിന്റെ അടുത്ത ചിത്രം സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്യുന്ന സ്പിരിറ്റാണ്. അനിമല്‍ എന്ന ബ്ലോക്ക്ബസ്റ്ററൊരുക്കിയ സന്ദീപ് പ്രഭാസിനൊപ്പം ചേരുമ്പോള്‍ ഹിറ്റ് ഉറപ്പാണ്. എന്നാല്‍ അതിന്റെ ക്രെഡിറ്റ് ആരാധകര്‍ പ്രഭാസിന് നല്‍കുമോ എന്ന് സംശയമുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Rajasaab struggling to collect 200 crore from box office