| Monday, 26th January 2026, 7:22 am

ഇതെന്താ പ്രഭാസിന്റെ കട്ടൗട്ട് കൊണ്ടുവെച്ചതോ? രാജാസാബ് വീഡിയോ സോങ്ങിനെ കീറിമുറിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ആദ്യത്തെ ഫ്‌ളോപ്പ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്. 450 കോടിയിലൊരുങ്ങിയ രാജാസാബ് ബജറ്റിന്റെ പകുതി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. രണ്ട് വര്‍ഷത്തോളം സമയമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രം ആദ്യ വീക്കെന്‍ഡില്‍ തന്നെ വാഷൗട്ടിന്റെ വക്കിലെത്തി.

നിര്‍മാതാവിനും വിതരണക്കാര്‍ക്കും വലിയ നഷ്ടം സമ്മാനിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. പ്രഭാസിന്റെ രംഗങ്ങളില്‍ പലതും ഫേസ് സ്വാപ്പ് ചെയ്തതാണെന്ന് തിയേറ്റര്‍ റിലീസിന്റെ സമയത്ത് തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ രണ്ട് ദിവസമായി പുറത്തുവരുന്ന വീഡിയോ സോങ്ങുകളില്‍ ഇക്കാര്യം വ്യക്തമാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്.

പല രംഗങ്ങളിലും പ്രഭാസ് ഡാന്‍സ് ചെയ്യുന്നുണ്ടെങ്കിലും മുഖത്ത് അതിന്റെ എഫര്‍ട്ട് കാണാന്‍ സാധിക്കുന്നില്ല. ബോഡി മൂവ്‌മെന്റ് ഒരു വശത്തേക്ക് പോകുമ്പോഴും മുഖം അനങ്ങാതെ നില്‍ക്കുന്നത് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘സഹന സഹന’ എന്ന ഗാനരംഗത്തില്‍ നായികയുടെ പിന്നാലെ നടക്കുന്ന ഷോട്ടില്‍ പോലും പ്രഭാസിന്റെ മുഖത്തെ വി.എഫ്.എക്‌സ് എടുത്തറിയുന്നതിന്റെ സ്‌ക്രീന്‍ഷോട്ടും വൈറലായി.

നടക്കുന്ന സീനില്‍ പോലും മര്യാദക്ക് പെര്‍ഫോം ചെയ്യാത്ത പ്രഭാസിനെ പലരും വിമര്‍ശിക്കുന്നുണ്ട്. 200 കോടിയിലേറെ പ്രതിഫലം വാങ്ങുന്ന പ്രഭാസിന്റെ കമ്മിറ്റ്‌മെന്റിനെതിരെയും ചോദ്യങ്ങള്‍ ഉയരുന്നു. ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന രീതിക്ക് ഇത്തരത്തില്‍ മോശം രീതിയില്‍ ഫേസ് സ്വാപ്പ് ചെയ്ത സംവിധായകനെയും വിമര്‍ശിക്കുന്നവരുണ്ട്.

‘ഇതെന്താ പ്രഭാസിന്റെ കട്ടൗട്ട് കൊണ്ടുവെച്ചതോ’, ‘വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി ഡ്യൂപ്പിന് കൊടുക്കേണ്ടിവരും’, ‘രാജമൗലി കൂടെയില്ലെങ്കില്‍ പ്രഭാസിന്റെ കാര്യം കണക്കാ’, ‘ഒ.ടി.ടിയില്‍ റിലീസാകുമ്പോള്‍ ഇനിയും എയറിലായിക്കോളും’ എന്നിങ്ങനെയാണ് ട്രോളുകള്‍ക്ക് താഴെയുള്ള കമന്റുകള്‍. റിലീസ് സമയത്ത് തന്നെ തിയേറ്റര്‍ ക്ലിപ്പുകള്‍ പങ്കുവെച്ചുകൊണ്ട് പലരും പ്രഭാസിനെ വിമര്‍ശിച്ചിരുന്നു.

ബാഹുബലിക്ക് ശേഷം താരത്തിന് കാല്‍മുട്ടില്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു. ആ സമയത്ത് കഴിച്ച മരുന്നുകളുടെ റിയാക്ഷനാണ് പ്രഭാസിന്റെ മുഖത്ത് വലിയ മാറ്റം വരുത്തിയത്. ഇത് മറ്റ് സിനിമകളെ വലിയ രീതിയില്‍ ബാധിക്കുകയായിരുന്നു. താരത്തിന്റെ വി.എഫ്.എക്‌സ് ചെയ്ത മുഖം ആദ്യാവസാനം ഉപയോഗിച്ച രാധേ ശ്യാം, പിന്നാലെയെത്തിയ ആദിപുരുഷ് എന്നീ സിനിമകളും ഇത്തരത്തില്‍ ട്രോള്‍ മെറ്റീരിയലായി. ഈ ലിസ്റ്റിലെ അവസാന എന്‍ട്രിയാണ് രാജാസാബ്.

Content Highlight: Rajasaab movie video song getting trolls in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more