| Wednesday, 14th January 2026, 2:29 pm

ഇന്നലെ വന്ന പയ്യന്‍ പോലും എടുത്ത് അലക്കുന്നു, ബോക്‌സ് ഓഫീസില്‍ കഷ്ടകാലം തീരാതെ രാജാസാബ്

അമര്‍നാഥ് എം.

മുടക്കിയ ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയത്തിലേക്ക് കുതിക്കുകയാണ് പ്രഭാസ് നായകനായ രാജാസാബ്. സംക്രാന്തി സീസണ്‍ ലക്ഷ്യമിട്ട് റിലീസായ ചിത്രം സംക്രാന്തി തീരുന്നതിന് മുമ്പ് വാഷൗട്ടാകുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. ആരാധകര്‍ പോലും ചിത്രത്തെ കൈവിട്ട മട്ടാണ്.

ആദ്യദിനം 90 കോടിയിലേറെ നേടിയ രാജാസാബ് പിന്നീടുള്ള നാല് ദിവസം കൊണ്ട് 70 കോടി മാത്രമാണ് സ്വന്തമാക്കിയത്. 450 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഹിറ്റാകണമെങ്കില്‍ 700 കോടിയെങ്കിലും ആവശ്യമാണ്. സംക്രാന്തി അവധി പോലും മുതലാക്കാന്‍ ചിത്രത്തിന് സാധിക്കുന്നില്ല. ബുക്ക്‌മൈഷോയിലും രാജാസാബിന് അത്ര നല്ല ഗതിയല്ല.

ഇന്ന് റിലീസായ റോം കോം അനഗനഗ ഒക്ക രാജു എന്ന ചിത്രം പോലും രാജാസാബിനെ പിന്തള്ളിയിരിക്കുകയാണ്. യുവതാരം നവീന്‍ പോളിഷെട്ടി നായകനായ ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. മണിക്കൂറില്‍ 9000നടുത്ത് ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോകുന്നത്. രാജാസാബകട്ടെ മണിക്കൂരറില്‍ ആകെ 5000നടുത്ത് ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോകുന്നത്.

നായകനായി നാലാമത്തെ മാത്രം സിനിമ ചെയ്യുന്ന നവീന്‍ പോളിഷെട്ടി പോലും പ്രഭാസിനെ ബോക്‌സ് ഓഫീസില്‍ പഞ്ഞിക്കിടുന്ന അപൂര്‍വ കാഴ്ചക്കാണ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറെന്ന് ആരാധകര്‍ അവകാശപ്പെടുന്ന പ്രഭാസ് ബോക്‌സ് ഓഫീസില്‍ സിനിമ ഹിറ്റാക്കാന്‍ പാടുപെടുകയാണ്.

ചിത്രത്തിലെ പല രംഗങ്ങളും ഇതിനോടകം ചര്‍ച്ചയായി മാറി. ഫൈറ്റ് സീനിന് പുറമെ ഡാന്‍സ് സീനില്‍ പോലും ഡ്യൂപ്പിനെ ഉപയോഗിക്കുകയാണ് പ്രഭാസെന്ന് ആരോപണമുയരുന്നുണ്ട്. പൈസ മുടക്കി ടിക്കറ്റെടുക്കുന്ന പ്രേക്ഷകരെ ഡ്യൂപ്പിനെ കാണിച്ച് പറ്റിക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്. ഒ.ടി.ടി റിലീസിന് ശേഷം രാജാസാബ് എയറിലാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

തെലുങ്കില്‍ ഒരുപിടി മികച്ച സിനിമകളൊരുക്കിയ മാരുതിയാണ് രാജാസാബിന്റെ സംവിധായകന്‍. ഹൊറര്‍ ഫാന്റസി ഴോണറിലൊരുങ്ങിയ രാജാസാബ് ഈ വീക്കെന്‍ഡിന് ശേഷം ബോക്‌സ് ഓഫീസില്‍ വീഴുമെന്നാണ് കണക്കുകൂട്ടല്‍. മിനിമം 150 കോടിയുടെ നഷ്ടമെങ്കിലും രാജാസാബ് നിര്‍മാതാവിന് സമ്മാനിക്കുമെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു.

മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. മാളവിക മോഹനന്‍, റിദ്ധി കുമാര്‍, നിധി അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. സഞ്ജയ് ദത്ത്, സറീന വഹാബ്, സമുദ്രക്കനി, വെണ്ണല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Rajasaab movie getting backlash from Bookmyshow

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more