| Thursday, 22nd January 2026, 7:11 am

ആദിപുരുഷ് വിതരണം ചെയ്തതിന്റെ നഷ്ടം തീര്‍ക്കാന്‍ പ്രഭാസിനെ വെച്ച് രാജാസാബ് നിര്‍മിച്ചു, 150 കോടി നഷ്ടവുമായി നിര്‍മാതാക്കള്‍

അമര്‍നാഥ് എം.

തെലുങ്ക് സിനിമാചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്ക് കുതിക്കുകയാണ് പ്രഭാസ് നായകനായ രാജാസാബ്. സംക്രാന്തിക്ക് റിലീസായ ചിത്രം ആദ്യ ആഴ്ചക്ക് പിന്നാലെ പലയിടത്തും വാഷൗട്ടായിരിക്കുകയാണ്. വന്‍ ബജറ്റിലൊരുങ്ങിയ ചിത്രം മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ തിയേറ്റര്‍ വിടുമെന്നാണ് കണക്കുകൂട്ടല്‍. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും 200 കോടി പോലും നേടാനാകാതെ പാടുപെടുകയാണ് രാജാസാബ്.

തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയാണ് രാജാസാബിന്റെ നിര്‍മാതാക്കള്‍. സിനിമാനിര്‍മാണത്തിനൊപ്പം ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളിലെ മുന്‍നിര വിതരണക്കാരും കൂടിയാണ് പീപ്പിള്‍ മീഡിയ ഫാക്ടറി. പ്രഭാസ് നായകനായ ആദിപുരുഷ് ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളില്‍ വിതരണത്തിനെത്തിച്ചത് മീഡിയ ഫാക്ടറിയായിരുന്നു.

പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി മാറിയ ആദിപുരുഷ് വിതരണക്കാര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെച്ചത്. 170 കോടിക്ക് റൈറ്റ്‌സ് സ്വന്തമാക്കിയെങ്കിലും 120 കോടി മാത്രമാണ് ആന്ധ്രയില്‍ നിന്ന് ആദിപുരുഷ് നേടിയത്. ഈ നഷ്ടം മറികടക്കാനാണ് വിതരണക്കാര്‍ പ്രഭാസിനെ നായകനാക്കി മറ്റൊരു ചിത്രം നിര്‍മിച്ചത്.

എന്നാല്‍ ആദ്യത്തേതിനെക്കാള്‍ വലിയ നഷ്ടമാണ് ഇതിലൂടെ മീഡിയ ഫാക്ടറിക്ക് നേരിടേണ്ടി വന്നത്. നിര്‍മാതാക്കള്‍ക്കൊപ്പം മൈത്രി മൂവി മേക്കേഴ്‌സും കൂടി ചേര്‍ന്നാണ് ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളില്‍ രാജാസാബ് എത്തിച്ചത്. 180 കോടിയാണ് APTG റൈറ്റ്‌സ്. വലിയ നഷ്ടമാണ് രാജാസാബ് ഇതിലൂടെ വരുത്തിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

രാജാസാബിന്റെ നഷ്ടം സ്പിരിറ്റിലൂടെ തീര്‍ക്കാമെന്നാണ് നിര്‍മാതാക്കളുടെ കണക്കുകൂട്ടല്‍. പ്രഭാസിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആന്ധ്ര/ തെലങ്കാന വിതരണാവകാശം ചെറിയ തുകക്ക് മീഡിയ ഫാക്ടറി സ്വന്തമാക്കിയേക്കുമെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സ്പിരിറ്റിന്റെ നിര്‍മാതാക്കള്‍ ഇത് അംഗീകരിക്കുമോ എന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുണ്ട്.

ബാഹുബലിക്ക് ശേഷം സലാര്‍, കല്‍ക്കി എന്നിവയല്ലാതെ എടുത്തുപറയാന്‍ വലിയ ഹിറ്റില്ലാത്ത അവസ്ഥയാണ് പ്രഭാസിന്റേത്. മോശം സ്‌ക്രിപ്റ്റ് സെലക്ഷനൊപ്പം പ്രഭാസിന്റെ ഫേസ് സ്വാപ്പിങ്ങും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. ഡാന്‍സ് സീനിലും ഫൈറ്റ് സീനിലുമെല്ലാം ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിച്ച് ഫേസ് സ്വാപ്പ് ചെയ്തതാണെന്ന വിമര്‍ശനമുണ്ടായിരുന്നു.

സന്ദീപ് വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റിലൂടെ താരം തിരിച്ചുവരുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. അനിമലിന് ശേഷം സന്ദീപ് വാങ്ക ഒരുക്കുന്ന ചിത്രത്തില്‍ തൃപ്തി ദിമ്രിയാണ് നായിക. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Rajasaab made 150 crore loss to the producers after Aadipurush

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more