റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന ചിത്രമാണ് മാരുതി സംവിധാനം ചെയ്ത് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ പ്രഭാസ് നായകനാകുന്ന രാജസാബ്. വിജയ്‌യുടെ ജന നായകന് ക്ലാഷ് റിലീസായി ജനുവരി 9 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്ത ചടങ്ങില്‍ സംവിധായകന്‍ മാരുതിയുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ തന്നെ നേരിട്ട് വന്ന് ചോദ്യം ചെയ്യാമെന്നാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് വാക്ക് നല്‍കുന്നത്.
Photo: screen grab/ people media factory/ youtube.com
‘ചിത്രത്തെ കുറിച്ച് അനാവിശ്യ ഹൈപ്പ് ഒന്നും ഞാന്‍ തരുന്നില്ല. പക്ഷേ ഒരു കാര്യം ഉറപ്പു തരാം ചിത്രം കാണുന്ന റിബല്‍ സ്റ്റാറിന്റെ ഫാന്‍സില്‍ ഒരു ശതമാനം ആളുകളെയെങ്കിലും ചിത്രം നിരാശപ്പെടുത്തിയാല്‍ അതിന് ഞാന്‍ ഉത്തരവാദിയാണ്. എന്റെ വീടിന്റെ മേല്‍വിലാസം ഞാന്‍ തരാം, വില്ല നമ്പര്‍ 17, കൊല്ല ലക്ഷൂറിയ, കൊണ്ടാപൂര്‍. ചിത്രം കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെ വീട്ടിലേക്ക് വന്ന് എന്നെ ചോദ്യം ചെയ്യാം,’ മാരുതി പറയുന്നു.
തെലുങ്കില്‍ റോ കോം ഴോണര്‍ സിനിമകളെടുത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ മാരുതി ഏകദേശം 300 കോടി ബജറ്റിലാണ് രാജാസാബ് നിര്‍മിക്കുന്നത്. പ്രഭാസ് രണ്ട് ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് വേഷമിടുന്നത്. പുരാതനമായ കൊട്ടാരവും അതിനെചുറ്റിപ്പറ്റിയുള്ള ഹൊറര്‍ എലമെന്റ്‌സുമാണ് ചിത്രത്തില്‍ പ്രമേയമാക്കിയിരിക്കുന്നത്.
മാളവിക മോഹന്‍, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍ തുടങ്ങിയവര്‍ നായികമാരായെത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് തമന്‍.എസ് ആണ്. ബോളിവുഡ് താരങ്ങളായ ബൊമ്മന്‍ ഇറാനി, സഞ്ജയ് ദത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
Photo: screen grab/ people media factory/ youtube.com
വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന് ആഗോള ബോക്‌സ് ഓഫീസില്‍ വെല്ലുവിളിയായാണ് രാജാസാബ് തിയേറ്ററുകളിലെത്തുക. ബാഹുബലിയോട് കൂടി വിദേശരാജ്യങ്ങളില്‍ വലിയ സ്വീകാര്യതയാണ് പ്രഭാസ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ക്ലാഷ് റിലീസില്‍ രാജാസാബിന് സമ്മിശ്ര റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ ജന നായകന് ഓവര്‍സീസ് കളക്ഷനില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഹൊറര്‍ കോമഡി സിനിമയെന്ന പേരില്‍ വരുന്ന രാജസാബിന്റെ ട്രെയിലറിന് വലിയ രീതിയിലുള്ള ട്രോളായിരുന്നു ലഭിച്ചത്. സിനിമയിലെ വി.എഫ്.എക്‌സ് രംഗങ്ങള്‍ മോശമാണെന്നാരോപിച്ചായിരുന്നു ട്രോളുകള്‍ ഭൂരിഭാഗവും.
Content Highlight: Rajasaab director maruti talks about his new film