| Wednesday, 25th March 2026, 7:48 pm

രജിനികാന്ത് പണ്ട് പരീക്ഷിച്ച് പാളിയ മാതൃകയുമായി രാജമൗലി, വാരണാസിക്ക് വേണ്ടി ഒരുക്കുന്നത് ഇതുവരെ കാണാത്ത ബ്രഹ്‌മാണ്ഡ സീന്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയുടെ റേഞ്ച് ലോകസിനിമക്ക് മുന്നില്‍ വ്യക്തമാക്കുമെന്ന് പലരും പ്രതീക്ഷിക്കുന്ന ചിത്രമാണ് വാരണാസി. ഗ്ലോബല്‍ റീച്ച് നേടിയ ആര്‍.ആര്‍.ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ലൊക്കേഷന്‍ ഹണ്ടിന് ശേഷം കഴിഞ്ഞവര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്.

ഗ്ലോബ്‌ട്രോട്ടര്‍ എന്ന ടാഗ്‌ലൈനിനോട് നീതിപുലര്‍ത്തിക്കൊണ്ട് ചിത്രം ഒരുങ്ങുന്നത്. ഒഡിഷയില്‍ ആരംഭിച്ച ഷൂട്ട് പിന്നീട് ഇന്ത്യയും കടന്ന് യു.എസ്, യു.കെ, കെനിയ, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളിലാണ് വാരണാസിയുടെ ഷൂട്ട് പുരോഗമിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ അതിപ്രധാനമായ സീക്വന്‍സിനെക്കുറിച്ചുള്ള അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

25 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന ആക്ഷന്‍ സീക്വന്‍സാണ് രാജമൗലി അണിയിച്ചൊരുക്കുന്നത്. യഥാര്‍ത്ഥ ലൊക്കേഷന് പകരം ബ്രഹ്‌മാണ്ഡമായ സെറ്റിലാണ് ഈ രംഗം ഷൂട്ട് ചെയ്യുന്നത്. അവതാര്‍ പോലുള്ള സിനിമകളില്‍ ഉപയോഗിച്ച കട്ടിങ് എഡ്ജ് മോഷന്‍ ക്യാപ്ചര്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിക്കുന്നത്.

2014ല്‍ കോച്ചടൈയാന്‍ എന്ന ചിത്രം ഇതേ ടെക്‌നോളജി ഉപയോഗിച്ച് ഒരുങ്ങിയതായിരുന്നു. രജിനിയെ നായകനാക്കി സൗന്ദര്യ രജിനികാന്ത് സംവിധാനം ചെയ്ത ചിത്രം വന്‍ പരാജയമായി മാറി. മോഷന്‍ ക്യാപ്ചര്‍ ടെക്‌നോളജി അധികം പരിചിതമല്ലാത്ത കാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ കയ്യൊഴിയുകയായിരുന്നു.

12 വര്‍ഷം മുമ്പ് രജിനികാന്ത് പരീക്ഷിച്ച് പാളിപ്പോയ ഒരു ടെക്‌നോളജി രാജമൗലി പരീക്ഷിക്കാനൊരുങ്ങുകയാണ്. സിനിമയും അതിന്റെ ടെക്‌നോളജിയും വളര്‍ന്ന കാലഘട്ടത്തില്‍ രാജമൗലിക്ക് ഈ രംഗം എങ്ങനെ ചെയ്ത് ഫലിപ്പിക്കാനാകുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. നടന്മാരുടെ ലൈവ് മൂവ്‌മെന്റുകള്‍ ചിത്രീകരിച്ച് അതിനെ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിക്കൊണ്ടാകും ഈ സീനുകള്‍ ഒരുക്കുക.

ഹൈദരബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലെ A & M മോഷന്‍ ക്യാപ്ചര്‍ ഫെസിലിറ്റിയിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ട്രീറ്റാകും വാരണാസിയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ അന്റാര്‍ട്ടിക്കയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അന്റാര്‍ട്ടിക്കയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് വാരണാസി.

ബി.സി. 500ല്‍ കാശി നഗരത്തില്‍ ആരംഭിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവാണ് ചിത്രത്തില്‍ നായകന്‍. രുദ്ര എന്ന കഥാപാത്രത്തെ മഹേഷ് ബോബു അവതരിപ്പിക്കുമ്പോള്‍ കുംഭ എന്ന വില്ലനായി വേഷമിടുന്നത് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജാണ്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. 2027 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Rajamouli using Motion Capture technology for Varanasi movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more