| Friday, 18th July 2025, 1:55 pm

ധീരയോ ബാഹുബലിയോ അല്ല, തന്റെ ഏറ്റവും മികച്ച സിനിമയേതെന്ന് വെളിപ്പെടുത്തി എസ്.എസ്. രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് സംവിധായകനാണ് എസ്.എസ്. രാജമൗലി. 2001ല്‍ സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന രാജമൗലി വളരെ വേഗത്തില്‍ തെലുങ്കിലെ മുന്‍നിര സംവിധായകനായി മാറി. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തിലും ആര്‍.ആര്‍.ആറിലൂടെ പാന്‍ വേള്‍ഡ് ലെവലിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

24 വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും 12 ചിത്രങ്ങള്‍ മാത്രമാണ് അദ്ദേഹം ചെയ്തത്. ഈ സിനിമകളില്‍ ഒന്നുപോലും പരാജയമായിട്ടില്ലെന്നതാണ് ശ്രദ്ധേയം. ചെയ്ത സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്ററാക്കിയ തെലുങ്കിലെ ഓരേയൊരു സംവിധായകനാണ് എസ്.എസ്.ആര്‍. ഇപ്പോഴിതാ തന്റെ സിനിമകളില്‍ ഏറ്റവും ബെസ്റ്റ് ഏതെന്ന് പറയുകയാണ് രാജമൗലി.

കഴിഞ്ഞദിവസം നടന്ന ജൂനിയര്‍ എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ ഓരോ സിനിമകളുടെ സ്റ്റില്ലുകള്‍ക്ക് കമന്റ് നല്കവെയാണ് തന്റെ ഏറ്റവും ബെസ്റ്റ് സിനിമ ഈഗയാണെന്ന് അദ്ദേഹം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വളരെ വേഗത്തില്‍ വൈറലായി.

ബാഹുബലിയും മഗധീരയും ചെയ്തിട്ടുണ്ടെങ്കിലും എന്റെ ബെസ്റ്റ് ഫിലിം എന്ന് ഞാന്‍ കരുതുന്നത് ഈഗയാണ്. എനിക്ക് വല്ലാത്തൊരു അട്രാക്ഷന്‍ ആ സിനിമയോടുണ്ട്. മറ്റ് സിനിമകളെക്കാള്‍ കുറച്ച് ഇഷ്ടക്കൂടുതല്‍ ആ സിനിമയോട് തോന്നാറുണ്ട്. പലര്‍ക്കും എന്റെ മറ്റ് സിനിമകളാകും ഇഷ്ടം. എനിക്ക് ഈഗയാണ്,’ രാജമൗലി പറയുന്നു.

നാനി, കിച്ച സുദീപ്, സമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ചിത്രമാണ് ഈഗ. തമിഴില്‍ നാന്‍ ഈ എന്ന പേരിലും മലയാളത്തില്‍ ഈച്ച എന്ന പേരിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈച്ചയായി പുനര്‍ജനിച്ച നായകന്‍ വില്ലനോട് പ്രതികാരം ചെയ്യുന്ന കഥയാണ് ചിത്രം പറഞ്ഞത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം ചിത്രം സ്വന്തമാക്കിയിരുന്നു.

മികച്ച തെലുങ്ക് ചിത്രം, മികച്ച വിഷ്വല്‍ ഇഫക്ട്‌സ് എന്നീ മേഖലകളില്‍ ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ഈഗ സ്വന്തമാക്കി. ചെറിയ വേഷങ്ങളില്‍ തിളങ്ങിയ നാനിക്കും സമന്തക്കും കരിയറില്‍ ബ്രേക്ക് ത്രൂവായി മാറിയ ചിത്രമാണ് ഈഗ. ഇരുവരും ഈ സിനിമക്ക് ശേഷമാണ് ലീഡ് റോളിലേക്ക് കൂടുതലായി തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: Rajamouli saying he thinks Eega is his best film

We use cookies to give you the best possible experience. Learn more