രാജമൗലി ചിത്രം ബാഹുബലി എപിക് ഒ.ടി.ടി.യിലേക്ക്. റീ റിലീസില്‍ പുതിയൊരു പരീക്ഷണവുമായി രണ്ട് ഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് ഒറ്റ സിനിമയായാണ് ബാഹുബലി വീണ്ടും പ്രേക്ഷകരിലേക്കെത്തിയത്. മൂന്ന് മണിക്കൂര്‍ 40 മിനിറ്റുള്ള ചിത്രം ബാഹുബലി ദി എപിക് എന്ന പേരിലാണ് തിയേറ്ററുകളിലെത്തിയത്.
ഇപ്പോള്‍ ചിത്രത്തിന്റെ ഒ.ടി.ടി റീലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 25 (നാളെ) സിനിമ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പല സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത് 55 ദിവസത്തിന് ശേഷമാണ് ബാഹുബലി ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.
റീ റീലീസ് സിനിമകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ബാഹുബലി ദി എപിക് തിയേറ്ററില്‍ സന്ത്വമാക്കിയത്. പ്രീ സെയിലിലൂടെ മാത്രം എട്ട് കോടിയിലേറെ നേടിയ ചിത്രം ആദ്യദിനം 20 കോടിയാണ് ലോകമെമ്പാടുമായി സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 53 കോടി കളക്ഷന്‍ നേടിയ ചിത്രം ഇന്ത്യയിലെ റീ റിലീസ് സിനിമകളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായി മാറി.
അഞ്ച് മണിക്കൂറിലധികമുള്ള രണ്ട് ഭാഗങ്ങളെ മൂന്നേ മുക്കാല്‍ മണിക്കൂറിലേക്ക് ചുരുക്കിയാണ് ബാഹുബലി ദി എപിക് പ്രദര്‍ശനത്തിനെത്തിയത്. നിരവധി രംഗങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. പ്രഭാസ്- തമന്ന പ്രണയരംഗങ്ങളും, അനുഷ്‌കയുടെ ഗാനവുമെല്ലാം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തിയ സിനിമാനുഭവമാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു.
ചിത്രത്തിന്റെ പ്രൊമോഷനുമായി നടന്‍ പ്രഭാസ് ജപ്പാനിലെത്തിയ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഹുബലിക്ക് ഒ.ടി.ടിയിലും കാഴ്ചക്കാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അന്യായ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം രാജമൗലിയുടെ മികച്ച ചിത്രമായാണ് കണക്കാക്കുന്നത്.
Content Highlight: Rajamouli’s film Baahubali Epic is coming to OTT