ചെയ്ത സിനിമകളില്‍ ഒന്നുപോലും ബോക്‌സ് ഓഫീസില്‍ പരാജയമാകാത്ത സംവിധായകനാണ് എസ്.എസ്. രാജമൗലി. പ്രേക്ഷകരുടെ പള്‍സറിഞ്ഞ് സിനിമയൊരുക്കുന്നതില്‍ അഗ്രഗണ്യനായ രാജമൗലി ഇന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. എന്നാല് കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ ട്രോള്‍ പേജുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രാജമൗലിയാണ്.
ആര്‍.ആര്‍.ആറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന് മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖമാണ് വൈറല്‍. ഇഷ്ട സിനിമകള്‍ ഏതാണെന്ന് ഭരദ്വാജ് രംഗന്‍ ചോദിക്കുമ്പോള്‍ ഒരുപാട് സിനിമകളുണ്ടെന്നായിരുന്നു രാജമൗലിയുടെ മറുപടി. ഏതെങ്കിലും രണ്ട് സിനിമകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ക്ലാസിക് സിനിമകളുടെ പേരാണ് രാജമൗലി പറഞ്ഞത്.
ലോകസിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായ ബെന്‍ ഹറാണ് ലിസ്റ്റിലെ ആദ്യ ചിത്രം. രണ്ടാമത്തെ ഫേവറെറ്റായി രാജമൗലി പറഞ്ഞത് മായാബസാറാണ്. ഇതാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. തെലുങ്കിലെ ക്ലാസിക്കുകളിലൊന്നായ ഫാന്റസി ചിത്രം മായാബസറാണ് രാജമൗലി ഉദ്ദേശിച്ചത്. എന്നാല്‍ രസികന്മാരായ ട്രോളന്മാര്‍ ഇതിനെ മറ്റൊരു രീതിയിലേക്ക് മാറ്റി.
മമ്മൂട്ടിയെ നായകനാക്കി തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത് 2008ല്‍ റിലീസായ മായാബസാറാണ് ഇതെന്ന് ട്രോളന്മാര്‍ വ്യാഖ്യാനിച്ചു. രാജമൗലി മായാബസാറിന്റെ പേര് പറഞ്ഞതിന് പിന്നാലെ ചിത്രത്തിലെ ഗാനരംഗത്തില്‍ മമ്മൂട്ടി ഡാന്‍സ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.
മമ്മൂട്ടി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട മായാബസാര്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലരും ഏറ്റെടുത്തു. മലയാളികള്‍ പരാജയപ്പെടുത്തിയ ചിത്രം രാജമൗലിയുടെ ഫേവറെറ്റായെന്ന തരത്തിലുള്ള ട്രോളുകള്‍ എല്ലാവരെയും ചിരിപ്പിക്കുകയാണ്.
അതേസമയം തെലുങ്കില്‍ മായാബസാര്‍ എന്നൊരു ക്ലാസിക് ചിത്രം ഉണ്ടെന്നും ഈ വീഡിയോക്ക് പിന്നാലെ പലരും തിരിച്ചറിഞ്ഞിരിക്കുകയാണ്. മഹാനടി സാവിത്രി, എന്‍.ടി രാമറാവു, എസ്. വി രംഗ റാവു തുടങ്ങിയ ഇതിഹാസ താരങ്ങള്‍ അഭിനയിച്ച് 1957ല്‍ പുറത്തിറങ്ങിയ ചിത്രം അന്നത്തെ വലിയ വിജയമായിരുന്നു. ഗ്രാഫിക്‌സ് തീരെ പ്രചാരത്തിലില്ലാതിരുന്ന കാലത്ത് ചിത്രീകരിച്ച മായാബസാറിലെ രംഗങ്ങള്‍ ഇന്നും അത്ഭുതമാണ്.
Content Highlight: Rajamouli’s old interview now gone viral on troll pages