ക്ലാഷിനെത്തുമെന്ന് പറഞ്ഞ ജന നായകന്റെ റിലീസ് മാറ്റിയതിനാല്‍ സംക്രാന്തിക്ക് സോളോ റിലീസ് ലഭിച്ച ചിത്രമായിരുന്നു പ്രഭാസിന്റെ രാജാസാബ്. ആരാധകര്‍ക്കിടയില്‍ മാത്രം വന്‍ ഹൈപ്പുള്ള രാജാസാബ് റിലീസിന്റെ തലേദിവസം പെയ്ഡ് പ്രീമിയറും സംഘടിപ്പിച്ചിരുന്നു. ഷോ തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പ്രീമിയറിന്റെ ബുക്കിങ് ആരംഭിച്ചത്. എന്നിട്ടും പല ഷോയും ഹൗസ്ഫുള്ളായിരുന്നു.
റിബല്‍ സ്റ്റാറിന് അതിഗംഭീര ടൈറ്റില്‍ കാര്‍ഡാണ് രാജാസാബിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. എന്നാല്‍ പ്രീമിയര്‍ അവസാനിച്ചതിന് പിന്നാലെ അട്ടര്‍ നെഗറ്റീവ് റിവ്യൂകളാണ് രാജാസാബിന് ലഭിക്കുന്നത്. മോശം വി.എഫ്.എക്‌സും കെട്ടുറപ്പില്ലാത്ത തിരക്കഥയുമാണ് രാജാസാബിന്റേതെന്ന് പല പേജുകളും റിവ്യൂ പങ്കുവെച്ചു.
രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ചിത്രീകരിച്ചത് ഈ സിനിമയാണോ എന്നാണ് പലരും ചോദിക്കുന്നത്. പ്രഭാസിന്റെ ലുക്ക് അടക്കം ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. ഒരിടത്തുപോലും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ രാജാസാബിന് സാധിച്ചിട്ടില്ലെന്നും അഭിപ്രായങ്ങളുണ്ട്. മൂന്ന് മണിക്കൂര്‍ ടോര്‍ച്ചറാണ് ചിത്രമെന്ന് ആരാധകരടക്കം അഭിപ്രായപ്പെടുന്നു.
പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായ ആദിപുരുഷ് പോലെ ദുരന്തം അനുഭവമാണെന്നും പലരും റിവ്യൂ പങ്കുവെക്കുന്നുണ്ട്. ഹൊറര്‍ സീനില്‍ കാണിക്കുന്ന പ്രേത രൂപങ്ങളെല്ലാം കോമഡിയായിരുന്നെന്നും ഒരു ഇംപാക്ടും ഈ സീനുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നും അഭിപ്രായമുയരുന്നു. സംക്രാന്തിക്ക് സോളോ റിലീസ് ഉണ്ടായിരുന്നിട്ടും അത് മുതലാക്കാന്‍ രാജാസാബിന് സാധിച്ചിട്ടില്ല. വളരെ പ്രധാനമായ ഇമോഷണല്‍ സീന്‍ പോലും ഗ്രീന്‍ മാറ്റില്‍ ചിത്രീകരിച്ചത് വിമര്‍ശനത്തിന് വഴിവെക്കുന്നുണ്ട്.
ഒരുപക്ഷേ, ക്ലാഷ് റിലീസായിരുന്നെങ്കില്‍ ജന നായകന്റെ ഇരയായി രാജാസാബ് മാറിയേനെയെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. തുടര്‍ച്ചയായി ആറ് സിനിമകള്‍ 100 കോടി ഓപ്പണിങ് നേടിയ പ്രഭാസിന് രാജാസാബില്‍ അടിതെറ്റുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിന് സൂചന ബാക്കിവെച്ച് അവസാനിച്ച രാജാസാബിന്റെ ടെയ്ല്‍ എന്‍ഡും ട്രോള്‍ മെറ്റീരിയലായേക്കുമെന്നാണ് അഭിപ്രായങ്ങള്‍. ട്രെയ്‌ലറില്‍ കാണിച്ച പ്രഭാസിന്റെ വയസായ ഗെറ്റപ്പ് പോലും സിനിമയിലില്ല. ഇത് ആരാധകരെ നിരാശരാക്കുന്നുണ്ട്.
പ്രീ റിലീസ് ഇവന്റില്‍ സംവിധായകന്‍ മാരുതി പങ്കുവെച്ച വാക്കുകളും ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ ഏതെങ്കിലും ഒരു സീന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെങ്കില്‍ തന്റെ വീട്ടില്‍ വന്ന് സംസാരിക്കാമെന്നായിരുന്നു മാരുതി പറഞ്ഞത്. ഇത്രയും മോശം ചിത്രം ഒരുക്കിയ മാരുതിയുടെ ഭാവി എന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
450 കോടി ബജറ്റിലാണ് രാജാസാബ് ഒരുങ്ങിയത്. മാളവിക മോഹനന്‍, റിദ്ധി കുമാര്‍, നിധി അഗര്‍വാള്‍ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. സഞ്ജയ് ദത്ത്, സറീന വഹാബ്, ബൊമ്മന്‍ ഇറാനി തുടങ്ങി വന്‍ താരനിര അണിനിരന്ന രാജാസാബ് ബോക്‌സ് ഓഫീസില്‍ ആദ്യദിനം വീഴുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.
Content Highlight: Raja Saab getting negative reviews after premiere show