| Saturday, 19th July 2025, 9:28 am

മറാത്തി അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് അടി കിട്ടും: നാട്ടുകാരല്ലാത്തവര്‍ക്ക് ഭീഷണിയുമായി രാജ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മറാത്തി അറിയാത്തവര്‍ക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മഹാരാഷ്ട്രയില്‍ താമസിക്കുമ്പോള്‍ മറാത്തി അറിഞ്ഞിരിക്കണമെന്നും അല്ലാത്തവര്‍ക്ക് കനത്ത അടി ലഭിക്കുമെന്നുമാണ് രാജ് താക്കറെ പറഞ്ഞത്. മുംബൈയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു താക്കറെയുടെ പരാമര്‍ശം.

‘ചെവിയുടെ അടുത്ത് വന്ന് നിന്ന് പറഞ്ഞിട്ടുപോലും മറാത്തി മനസിലായില്ലെങ്കില്‍ നല്ല അടി നിങ്ങള്‍ക്ക് കിട്ടും. നിങ്ങള്‍ എവിടെപ്പോയാലും, റിക്ഷയിലായാലും ഓഫീസിലായാലും കടയിലായാലും മറാത്തിയില്‍ സംസാരിക്കുക. മഹാരാഷ്ട്രയെയും മറാത്തിയെയും ബഹുമാനിക്കുക. അല്ലാത്ത പക്ഷം നിങ്ങളുടെ കവിളുകള്‍ ചുവപ്പിക്കും’ താക്കറെ പറയുന്നു.

മറാത്തി സംസാരിക്കാത്തതിന്റെ പേരില്‍ അടുത്തിടെ ഒരു കടയുടമയെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവത്തെക്കുറിച്ചും താക്കറെ സംസാരിച്ചു.

‘ആ വ്യക്തിക്ക് എന്ത് സംഭവിച്ചാലും അതിന് കാരണക്കാരന്‍ അയാള്‍ തന്നെയാണ്. മറ്റ് കടക്കാരെല്ലാം കടയടച്ചിട്ടും അയാള്‍ അതിന് കൂട്ടാക്കിയില്ല. എത്രനേരം മറ്റുള്ളവര്‍ കട അടച്ചിടുമെന്ന് ചിന്തിക്കുക. ഇനി എല്ലാത്തിനുമപ്പുറം ഞങ്ങള്‍ സാധനം വാങ്ങിയില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും?’ താക്കറെ ചോദിക്കുന്നു.

മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെയും താക്കറെ സംസാരിച്ചു. ഹിന്ദി നിര്‍ബന്ധമാക്കിയാല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെ പരിഹസിച്ചുകൊണ്ടായിരുന്നു താക്കറെയുടെ പരാമര്‍ശം.

‘മഹാരാഷ്ട്ര മുഖ്യമന്ത്രി എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുകയാണ്. അയാള്‍ ഹിന്ദിക്കുവേണ്ടിയാണ് പോരാടുന്നത്. എല്ലാ സ്‌കൂളിലും മറാത്തി നിര്‍ബന്ധമാക്കണം. ഇവിടെ എല്ലാം ഹിന്ദിക്കാണ് നല്‍കുന്നത്. ചില ഗുജറാത്തി നേതാക്കളും ബിസിനസുകാരും മുംബൈക്കും മഹാരാഷ്ട്രക്കുമിടയില്‍ വിവേചനം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അതിനെയെല്ലാം ഞങ്ങള്‍ തടുക്കും,’ രാജ് താക്കറെ പറയുന്നു.

Content Highlight: Raj Thackerey warns non locals in Maharashtra to learn Marathi

We use cookies to give you the best possible experience. Learn more