| Tuesday, 12th August 2025, 4:15 pm

മമ്മൂക്കയെ അങ്ങോട്ട് വിളിച്ച് സംസാരിക്കാന്‍ ധൈര്യമില്ല, എന്നെ അദ്ദേഹം വിളിക്കുന്നത് ആ പേരില്‍: രാജ് ബി. ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായും നടനായും കന്നഡ സിനിമയെ വിസ്മയിപ്പിച്ച നടനാണ് രാജ് ബി. ഷെട്ടി. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ രാഷ്ട്രീയം ലളിതമായ രീതിയില്‍ സംസാരിച്ച ഒണ്ടു മൊട്ടെയ കഥെ എന്ന സിനിമയിലൂടെയാണ് രാജ് ബി. ഷെട്ടി സിനിമാലോകത്തേക്ക് കടന്നുവന്നത്. ചിത്രത്തിന്റെ സംവിധാനവും അദ്ദേഹം തന്നെയായിരുന്നു. വളരെ വേഗത്തില്‍ കന്നഡയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ രാജ് ബി. ഷെട്ടിക്ക് സാധിച്ചു.

മമ്മൂട്ടി നായകനായ ടര്‍ബോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. വെട്രിവേല്‍ സുന്ദരം എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. രാജ് ബി. ഷെട്ടി നിര്‍മിച്ച ഏറ്റവും പുതിയ ചിത്രം സു ഫ്രം സോ തിയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. മലയാളത്തിലെ നടന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജ് ബി. ഷെട്ടി.

സു ഫ്രം സോ വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാനാണെങ്കിലും എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമില്ല. ഇതുവരെ കണ്ടിട്ടില്ല. പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയുമായി ടര്‍ബോയുടെ സമയത്ത് മാത്രമേ സംസാരം ഉണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹത്തെ കോണ്‍ടാക്ട് ചെയ്തിട്ടില്ല. വലിയ താരങ്ങളോട് അങ്ങോട്ട് പോയി സംസാരിക്കാന്‍ എനിക്ക് മടിയാണ്.

മമ്മൂക്കയുമായി ഞാന്‍ ഒരു നാലഞ്ച് അടി ഡിസ്റ്റന്‍സ് വിട്ടാണ് നില്‍ക്കാറുള്ളത്. കാരണം അങ്ങോട്ട് പോയി ‘ഹായ് സാര്‍, ഹൗ ആര്‍ യൂ’ എന്ന് മാത്രമേ എനിക്ക് ചോദിക്കാനാകുള്ളൂ. അതിന്റെ അപ്പുറത്തേക്ക് എന്താണ് ചോദിക്കേണ്ടതെന്ന് എനിക്കറിയില്ല. അതില്‍ കൂടുതല്‍ ചോദിക്കാനുള്ള ധൈര്യം എനിക്കില്ല. പക്ഷേ, അദ്ദേഹത്തിന്റെ കൂടെയുള്ളവരുമായി ഇടക്ക് കോണ്‍ടാക്ട് ചെയ്ത് അദ്ദേഹത്തെക്കുറിച്ചുള്ള വിവരം അറിയുന്നുണ്ട്.

മമ്മൂട്ടി സാര്‍ എന്നെ കാണുമ്പോള്‍ ‘ഹലോ രാജാ’ എന്നാണ് വിളിക്കാറുള്ളത്. ആ വിളി കേള്‍ക്കുമ്പോള്‍ പേടിച്ചിട്ടാണ് ഞാന്‍ വിളി കേള്‍ക്കുന്നത്. കാരണം, എന്താണ് അദ്ദേഹത്തോട് സംസാരിക്കേണ്ടതെന്ന് ആ സമയത്ത് ഒരു പിടിയുണ്ടാകില്ല. രാജാ, രാജൂ എന്നൊക്കെയാണ് മമ്മൂക്ക എന്നെ വിളിക്കാറുള്ളത്,’ രാജ് ബി ഷെട്ടി പറയുന്നു.

കന്നഡയില്‍ തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ റിഷബ് ഷെട്ടിയെക്കുറിച്ചും താരം സംസാരിച്ചു. കാന്താര 2വിന്റെ തിരക്കിലാണ് റിഷബെന്നും അക്കാരണം കൊണ്ട് അദ്ദേഹത്തെ വിളിച്ചിട്ട് കുറേ കാലമായെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. വലിയൊരു സിനിമ ചെയ്യുന്നതിനിടയില്‍ കുശലാന്വേഷണത്തിനായി വിളിക്കുന്നത് തനിക്ക് ശരിയായി തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Raj B Shetty about his relation with Mammootty and other Malayalam actors

We use cookies to give you the best possible experience. Learn more