| Sunday, 30th August 2026, 2:47 pm

തെറ്റ് തിരുത്താതെ ഭീഷണിയുടെ സ്വരം ഉയർത്തുന്നു: പിണറായി വിജയനെതിരെ വി.കുഞ്ഞികൃഷ്ണൻ

കെ.എസ് ഷാബിന

കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.ഐ.എം സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവ് പിണറായി വിജയനും നൽകിയ വിശദീകരണങ്ങളെ വിമർശിച്ച് പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് പരാജയത്തിന് കാരണമെന്ന പാർട്ടി നിലപാടിനെ ചോദ്യം ചെയ്ത അദ്ദേഹം, സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസിലാക്കിയിട്ടും തെറ്റ് തിരുത്താതെ ഭീഷണിയുടെ ഭാഷയിലാണ് നേതൃത്വം സംസാരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.

തോൽവിക്ക് കാരണം ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണയാണെന്ന വാദം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി നാലിലെ പുസ്തക പ്രകാശനത്തിന് ശേഷം ഏപ്രിൽ ഒമ്പതിലെ വോട്ടെടുപ്പ് വരെ വലിയൊരു സമയമുണ്ടായിട്ടും ജനങ്ങളുടെ സംശയങ്ങൾ തീർക്കാൻ പാർട്ടിക്ക് സാധിച്ചില്ല. അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ എതിർസ്ഥാനാർത്ഥി 7,500 വോട്ടുകൾക്ക് ജയിച്ചത്
നിസാര കാര്യമല്ല. ഇത്രയധികം ആളുകളെ ബോധ്യപ്പെടുത്താൻ പാർട്ടിക്ക് സാധിച്ചെങ്കിൽ, അത് പാർട്ടി സംവിധാനത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ അസംതൃപ്തി കേരളത്തിലുടനീളം വളരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിലായിരുന്നപ്പോൾ എതിരാളികളുമായി കൈകോർത്തെന്ന പിണറായി വിജയന്റെ ആരോപണം കുഞ്ഞികൃഷ്ണൻ പൂർണമായി നിഷേധിച്ചു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വരെ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചയോ ധാരണയോ നടത്തിയിട്ടില്ല. മത്സരിക്കാൻ താത്പര്യമില്ലായിരുന്നെങ്കിലും പിന്നീട് നിർബന്ധിതനാവുകയായിരുന്നു. സ്ഥാനാർത്ഥിയായ ശേഷമാണ് യു.ഡി.എഫ് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചതും അത് സ്വീകരിച്ചതും. മുൻകൂട്ടി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ സി.പി.ഐ.എമ്മിനെ അദ്ദേഹം വെല്ലുവിളിച്ചു.

വീണ വിജയന്റെയും മുൻമുഖ്യമന്ത്രിയുടെയും മാസപ്പടി വിവാദം പോലുള്ള കാര്യങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ നേതാക്കൾക്ക് സാധിച്ചില്ല. എത്ര വീടുകയറി പ്രചാരണം നടത്തിയിട്ടും ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ പിശക് പറ്റിയത് പാർട്ടിക്ക് തന്നെയാണ്. ധനരാജിന്റെ പേര് ഉച്ചരിക്കരുതെന്ന കെ.കെ. രാഗേഷിന്റെ പരാമർശം വിഷയം വഴിതിരിച്ചുവിടാനാണ്. കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും വി.എസിന്റെയും പേര് പറയാൻ എല്ലാവർക്കും അവകാശമുള്ളത് പോലെ ധനരാജിന്റെ പേര് പറയാനും അവകാശമുണ്ട്.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ കേസ് ഭീഷണികളിൽ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ തനിക്കെതിരെ കേസോ തടസങ്ങളോ ഇല്ല. കോടതിയിൽ വിഷയം വരുമ്പോൾ അതിനെ നിയമപരമായി നേരിടും. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സമീപനമാണ് സി.പി.ഐ.എം തുടരുന്നത്. ഇരിട്ടി എഡ്യൂക്കേഷണൽ സൊസൈറ്റി അഴിമതി പോലെ നിരവധി തട്ടിപ്പുകൾ വരും ദിവസങ്ങളിൽ പുറത്തുവരാനുണ്ടെന്നും തട്ടിപ്പുകളിൽ പങ്കാളികളായ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐ.എമ്മിന്റേതെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

എം.എൽ.എ ഓഫീസ് ഉദ്ഘാടനത്തിന് എല്ലാ പാർട്ടികളെയും ക്ഷണിച്ചിരുന്നെങ്കിലും ബി.ജെ.പി പങ്കെടുത്തപ്പോൾ ഇടതുപക്ഷം വിട്ടുനിൽക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Raising tone of threat without rectifying mistakes”: V. Kunjikrishnan against Pinarayi Vijayan

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more