| Friday, 14th February 2025, 1:30 pm

സമ്മാനക്കൂപ്പണിലൂടെ വയനാടിനായി ഫണ്ട് സമാഹരണം; ഇപ്പോള്‍ ഫണ്ടുമില്ല സമ്മാനവുമില്ല; ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: വയനാട് മുണ്ടക്കൈ-ചൂരല്‍മര ദുരന്തത്തിന്റെ പേരില്‍ സമാഹരിച്ച ഫണ്ടിനെ ചൊല്ലി ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം. സമാഹരിച്ച ഫണ്ട് കൈമാറിയില്ലെന്നും സമ്മാനക്കൂപ്പണിലൂടെയാണ് ഫണ്ട് സമാഹരിച്ചതെങ്കിലും നറുക്കെടുപ്പിലൂടെ കണ്ടെത്തിയ ഭാഗ്യശാലികള്‍ക്ക് സമ്മാനം കൈമാറിയില്ലെന്നും ആരോപിച്ചാണ് തര്‍ക്കം. 1.45 ലക്ഷം രൂപയാണ് യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സമാഹരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രമേശ് ചെന്നിത്തല-കെ.സി. വേണുഗോപാല്‍ ഗ്രൂപ്പുകള്‍ ചേരി തിരിഞ്ഞാണ് തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയാണ് പിരിവെടുത്ത പണം മേല്‍ക്കമ്മിറ്റിക്ക് കൈമാറാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും സമ്മാനങ്ങള്‍ കൈമാറിയിട്ടില്ല. സ്‌കൂട്ടര്‍, ലാപ്‌ടോപ്പ്, വാഷിങ് മെഷീന്‍, മിക്‌സി എന്നിവയായിരുന്നു സമ്മാനങ്ങള്‍.

ഫണ്ട് സമാഹരണം നടക്കുന്ന സമയത്ത് രമേശ് ചെന്നിത്തല വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു മണ്ഡലം പ്രസിഡന്റ്. എന്നാല്‍ പിരിവിന് ശേഷം ചെന്നിത്തല ഗ്രൂപ്പില്‍പ്പെട്ട മണ്ഡലം പ്രസിഡന്റിനെ മാറ്റിയതാണ് തര്‍ക്കത്തിന് കാരണമായത്. ഇത് സംബന്ധിച്ച് ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലടക്കം തര്‍ക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിദേശത്തായതിനാലാണ് സമ്മാന വിതരണം വൈകുന്നത് എന്നാണ് ഒദ്യോഗിക വിശദീകരണമായി വാര്‍ത്തകളില്‍ പറയുന്നത്. അദ്ദേഹം തിരികെ വന്നാലുടനെ ഭാഗ്യശാലികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും പറയുന്നു.

പിരിച്ചെടുത്ത പണം സുരക്ഷിതമായി കൈയിലുണ്ടെന്നും തര്‍ക്കം പരിഹരിച്ചതിന് ശേഷം പണം കൈമാറുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നേരത്തെ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസിനകത്തും വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസത്തിന് വേണ്ടി സമാഹരിച്ച് ഫണ്ട് കൈമാറിയില്ല എന്ന പരാതിയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ തൃശൂര്‍ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ക്കെതിരെ നടപടിയെടുക്കുകയും മണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണിപ്പോള്‍ യൂത്ത് കോണ്‍ഗ്രസിലും വയനാട് ഫണ്ടിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

CONTENT HIGHLIGHTS: Raising funds for Wayanad through gift vouchers; Now there is no fund and no prize; Controversy in Alappuzha Youth Congress

We use cookies to give you the best possible experience. Learn more