റായ്പൂര്‍: ഛത്തീസ്ഗഡില്‍ റായ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് സമീപം പ്രതിഷേധിക്കുന്നവരില്‍ നിന്നും ഇനിമുതല്‍ 500 രൂപ ഫീസീടാക്കും. പുതിയ ഫീസ് നടപ്പിലാക്കാനുള്ള പ്രമേയം ഭരണസമിതി പാസാക്കിയതായി എന്‍.ഡി.ടി.വി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.ജെ.പി നേതൃത്വത്തിലുള്ള മുന്‍സിപ്പല്‍ ഭരണസമിതിയുടേതാണ് തീരുമാനം. പൊതുസ്ഥലത്ത് പ്രതിഷേധ പന്തലുകളും മറ്റും സ്ഥാപിക്കുന്നവരില്‍ നിന്നും 500 രൂപ ഫീസായി ഈടാക്കുമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ചതുരശ്ര അടിക്ക് അഞ്ച് രൂപ വീതമായിരിക്കും ഈടാക്കുക.
പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള വൃത്തിയാക്കല്‍, അറ്റകുറ്റപണികള്‍, തിരക്ക് നിയന്ത്രണം എന്നിവയ്ക്കുള്ള ചെലവിലേക്കാണ് ഫീസായി ഈടാക്കുന്ന തുക വിനിയോഗിക്കുകയെന്ന് മേയറും ബി.ജെ.പി നേതാവുമായ മീന ചൗബെ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചാണ് ഫീസ് ഈടാക്കുന്നതെന്നും മേയര്‍ പ്രതികരിച്ചു.
നഗരത്തിലെ പ്രധാന പ്രതിഷേധ കേന്ദ്രമായ ടുട്ട ധര്‍ണ സ്ഥലില്‍ രണ്ട് മാസത്തേക്ക് പ്രകടനങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് റായ്പൂര്‍ കളക്ടര്‍ ഡോ. ഗൗരവ് സിങ് പറഞ്ഞു. ടുട്ട ധര്‍ണ സ്ഥലില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഈ മേഖലയില്‍ പ്രതിഷേധങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും അനുമതിയുണ്ടാകില്ല. ഇത് കോര്‍പ്പറേഷന്‍ ഒരവസരമാക്കിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി.
പൊതുവിഷയങ്ങളില്‍ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിനായാണ് ഫീസ് ഈടാക്കുന്നതെന്നും വിയോജിപ്പിന് മേലുള്ള നികുതിക്ക് തുല്യമാണ് ഇതെന്നും സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധ ഫീസ് വരും ദിവസങ്ങളില്‍ 1,000 രൂപയായി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍സിപ്പല്‍ യോഗത്തില്‍ ഈ നിര്‍ദേശം ഏകകണ്ഠമായി പാസാക്കിയതായാണ് വിവരം.
Content Highlight: Raipur Municipal Corporation passes resolution requiring Rs 500 fee for protest