| Friday, 18th July 2025, 9:01 pm

മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ നാളെ അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ മുന്നറിയിപ്പ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ശനിയാഴ്ച) അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണല്‍ കോളേജുകള്‍ക്കും, മതപഠന സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും,സ്‌പെഷ്യല്‍ ക്ലാസുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിക്കുന്നതായി കലക്ടര്‍ പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മതപഠന സ്ഥാപനങ്ങള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.

കാസര്‍ഗോഡ് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 19ന് ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ കനത്ത മഴ തുടരുകയും പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ജനസുരക്ഷ മുന്‍നിര്‍ത്തിയാണ്‌ ജൂലൈ 19ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്‌.

ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

Content Highlight: Rain; Educational institutions in three districts to remain closed tomorrow

We use cookies to give you the best possible experience. Learn more