| Wednesday, 29th April 2026, 7:06 am

കനത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു; മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

ഫസീഹ പി.സി.

തിരുവനന്തപുരം: കനത്ത ചൂടിനിടെ ആശ്വാസമായി വേനല്‍ മഴയെത്തിയേക്കും. ഇന്ന് (ബുധന്‍) മുതല്‍ വെള്ളി വരെ സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് ദിവസങ്ങളില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ഏപ്രില്‍ 30) കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വെള്ളിയാഴ്ചയും (മെയ് 1) കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ മെയ് രണ്ടിനും (ശനി) കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് മൂന്ന് മുതല്‍ ചൂട് തിരിച്ചെത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഏപ്രില്‍ 28ന് (ചൊവ്വാഴ്ച) സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മഴ ലഭിച്ചു. ചിലയിടങ്ങളില്‍ മഴയോടൊപ്പം മിന്നലും കാറ്റുമുണ്ടായിരുന്നു.

എന്നാല്‍, സംസ്ഥാനത്ത് മൊത്തം ഉയര്‍ന്ന താപനില തന്നെ തുടരുകയാണ്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും താപ നില ഉയര്‍ന്നു.

എട്ട് ജില്ലകളില്‍ 37 ഡിഗ്രിവരെയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായിരുന്നു. തിരുവനന്തപുരത്ത് താപനില 36 ഡിഗ്രി വരെയും ഉയര്‍ന്നു. ഇത് സാധാരണെയുള്ള താപനിലയെക്കാള്‍ മൂന്ന് – നാല് ഡിഗ്രി കൂടുതലാണ്.

Content Highlight: Rain Alert in Kerala in upcoming three days

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more