| Sunday, 13th July 2025, 7:24 pm

യാത്രക്കാരുടെ സുരക്ഷക്കായി ട്രെയിനുകളില്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ റെയില്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ട്രെയിനുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. 74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഓരോ റെയില്‍ കോച്ചിലും നാല് സി.സി.ടി.വി ക്യാമറകളും എഞ്ചിനില്‍ ആറ് ക്യാമറുകളുമാണ് സ്ഥാപിക്കുക. കോച്ചുകളിലെ ഓരോ വാതിലിലും രണ്ട് ക്യാമറകള്‍ വീതം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. വാതിലുകള്‍ക്ക് സമീപത്തുള്ള സഞ്ചാര മേഖലയിലായിരിക്കും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക. ഡോം-ടൈപ്പ് ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

യാത്രക്കാരുടെ സ്വകാര്യത നിലനിര്‍ത്തുന്നതിനായാണ് വാതിലുകള്‍ക്ക് സമീപം ക്യാമറ സ്ഥാപിക്കുന്നത്. മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

നോര്‍ത്തേണ്‍ റെയില്‍വേയുടെ ലോക്കോ എഞ്ചിനുകളിലും കോച്ചുകളിലും നടത്തിയ വിജയകരമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റെയില്‍വേ വകുപ്പിന്റെ നീക്കം.

മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ഓടുന്ന ട്രെയിനുകളിലും കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള ദൃശ്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യാ എ.ഐ മിഷനുമായി സഹകരിച്ചായിരിക്കും തീരുമാനം നടപ്പിലാക്കുക.

സി.സി.ടി.വി ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ അവലോകനം ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായം തേടാമെന്നും മന്ത്രി നിര്‍ദേശിച്ചു. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനോടൊപ്പം കുറ്റവാളികളെ കണ്ടെത്താനും സി.സി.ടി.വി ക്യാമറകള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

നിരന്തരമായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലും ട്രെയിനുകളില്‍ ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലുമാണ് റെയിവേയുടെ നടപടി. തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും നേരിടുന്നത്.

സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനുള്ള റെയില്‍വേ വകുപ്പിന്റെ നീക്കത്തെ പ്രതിപക്ഷ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള നടപടിയായും കാണാം.

Content Highlight: Railways to install CCTV in trains for passenger safety

We use cookies to give you the best possible experience. Learn more