| Saturday, 12th April 2025, 8:19 am

ഭക്ഷണത്തിന് അമിതവില ഈടാക്കിയതിനെ ചോദ്യം ചെയ്തു; പരാതിക്കാരനെ മര്‍ദിച്ച് റെയില്‍വേ കാറ്ററിങ് ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭക്ഷണത്തിന് അമിതവിലയാണെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരെ മര്‍ദിച്ച് റെയില്‍വേ കാറ്ററിങ് ജീവനക്കാര്‍. ഗീതാഞ്ജലി എക്‌സ്പ്രസില്‍ യാത്ര ചെയ്ത യാത്രക്കാരന് നേരെയാണ് മര്‍ദനം. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കല്യാണ്‍ റെയില്‍വേ പൊലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്.

ഭക്ഷണത്തിന് അമിത വിലയാണെന്നായിരുന്നു യാത്രക്കാരന്‍ പരാതിപ്പെട്ടത്. മഹാരാഷ്ട്രയിലെ അംബര്‍നാഥ് നിവാസിയായ സത്യജിത് ബര്‍മനാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ജീവനക്കാരാണ് ആക്രമിച്ചതെന്നാണ് യാത്രക്കാരന്‍ പറയുന്നത്.

താന്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വിലയെ ചോദ്യം ചെയ്തതാണെന്നും എം.ആര്‍.പിയില്‍ കൂടുതല്‍ വിലയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനെയാണ് ചോദ്യം ചെയ്തതെന്നും ബര്‍മന്‍ പറഞ്ഞു.

പിന്നാലെ ജീവനക്കാരുമായി വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും സംഭവം വഷളായതിനെ തുടര്‍ന്ന് ജീവനക്കാര്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നും ബര്‍മന്‍ പറഞ്ഞു. തുടര്‍ന്നാണ് കല്യാണ്‍ റെയില്‍വേ പൊലീസില്‍ പരാതിപ്പെട്ടത്.

ട്രെയിനില്‍ യാത്ര ചെയ്യവേ ബദ്‌നേര റെയില്‍വേ സ്റ്റേഷനും നാഗ്പൂരിനും ഇടയില്‍ വെച്ച് കാറ്ററിങ് ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നു. കൊല്‍ക്കത്ത- മുംബൈ ഗീതാഞ്ജലി എക്‌സ്പ്രസിലായിരുന്നു സംഭവം. യാത്രക്കാരില്‍ ഒരാള്‍ അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: Railway catering staff beat up complainant after questioning overcharging for food

We use cookies to give you the best possible experience. Learn more