ന്യൂദല്‍ഹി: 2013-2014 സാമ്പത്തിക വര്‍ഷത്തെ റെയില്‍വേ ബജറ്റ് വകുപ്പ് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ചു. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് മന്ത്രി റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പവന്‍ കുമാര്‍ ബന്‍സലിന്റെ ആദ്യ ബജറ്റ് കൂടിയാണിത്.[]
റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുഖവുരയോടെയാണ് മന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. ഡീസല്‍ വില വര്‍ധന റെയല്‍വേക്ക് കനത്ത തിരിച്ചടിയായതായും അദ്ദേഹം വ്യക്തമാക്കി. നടപ്പ് വര്‍ഷം 24000 കോടിയുടെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിമൂലം തുടങ്ങിയ പല പദ്ധതികളും പൂര്‍ത്തിയാക്കാനായില്ലെന്നും സാമ്പത്തിക സുസ്ഥിരത അനിവാര്യമാണെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.
പുതിയ പദ്ധതികള്‍ക്ക് ധനസമാഹരണം നടത്താനാകുന്നില്ല. റെയില്‍വേ സുരക്ഷയുടെ കാര്യത്തില്‍ അനില്‍ കകോദ്കറും സാം പിത്രോദയും അടങ്ങുന്ന കമ്മറ്റിയുടെ ചില നിര്‍ദേശങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു.
റെയില്‍വേ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുകയും ആധുനികവത്കരണത്തിനും മൂന്‍തൂക്കം നല്‍കുന്ന ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. യാത്രാ നിരക്കില്‍ വര്‍ധനവില്ലെങ്കിലും റിസര്‍വേഷന്‍, തത്കാല്‍ എന്നിവയില്‍ നിരക്ക് വര്‍ധനവുണ്ടാകും.
നിരക്ക് നിശ്ചയിക്കാന്‍ പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുമെന്നും ചരക്കുനിരക്കുകളില്‍ 5 ശതമാനം വര്‍ധനയുണ്ടാകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എണ്ണ വിലവര്‍ധനയ്ക്കനുസരിച്ച് ചരക്ക് കൂലി വര്‍ധിക്കും. ഏപ്രില്‍ ഒന്നുമുതല്‍ പ്രബല്യത്തില്‍ വരും.
ആര്‍.പി.എഫ് നിയമനത്തില്‍ 10 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തു. മെട്രോ നഗരങ്ങളിലെ കോച്ചുകളില്‍ വനിതാ ആര്‍.പി.എഫിന്റെ സേവനം ഉറപ്പാക്കും.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കും. ഒരു ലക്ഷം കോടി രൂപ കടമെടുക്കും. റെയില്‍വെ ജീവനക്കാരുടെ 1.52 ലക്ഷം ഒഴിവുകള്‍ നികത്തും.
67 എക്‌സ്പ്രസ് ട്രെയിനുകള്‍ തുടങ്ങാനും 26 പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ തുടങ്ങാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. രാജധാനി, ശതാബ്ദി തീവണ്ടികളില്‍ ആര്‍ഭാടസൗകര്യമുള്ള അനുഭൂതി കോച്ചുകള്‍ ഏര്‍പ്പെടുത്തും.
പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യം പതിവ് പോലെ ഈ ബജറ്റിലും ആവര്‍ത്തിക്കപ്പെട്ടു. കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാറുമായി ചര്‍ച്ച തുടരുകയാണെന്നും മന്ത്രി അറിയിച്ചു. കൊല്ലത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കും.
അപകടനിലയിലായ പതിനേഴ് പാലങ്ങള്‍ പുനര്‍നിര്‍മിക്കാനം പതിനായിരത്തോളം ലെവല്‍ ക്രോസുകള്‍ എടുത്തുകളായാനും തീരുമാനിച്ചു. ട്രെയിനുകളിലെ ശുചിത്വത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.
ട്രെയിനുകളില്‍ അഗ്നിശമന സേനയെ രൂപവത്കരിക്കും. അറുപത് ആദര്‍ശ് ട്രെയിനുകള്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി സ്വാതന്ത്ര്യസമര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ആസാദി ട്രെയിനുകള്‍, വിനോദ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് പ്രത്യക പരിഗണനയും നല്‍കും.
ഇബുക്കിങ് സൗകര്യം മെച്ചപ്പെടുത്തും. പുലര്‍ച്ചെ 12.30 മുതല്‍ രാത്രി 11.30 വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ക്രമീകരണമുണ്ടാകും. ഇതുവഴി 1,20,000 പേര്‍ക്ക് ഒരേ സമയം ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഫോണ്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം
സ്റ്റേഷനുകളിലും ട്രെയിനുകളിലും വികലാംഗര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കും. രാജ്യാന്തര സ്‌പോര്‍ട്‌സ് മെഡല്‍ ജേതാക്കള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. എസ്.എം.എസ്, ഇമെയില്‍ മുഖേന യാത്രക്കാര്‍ക്ക് പരാതി നല്‍കാനുള്ള സൗകര്യം. പരാതികള്‍ക്കായി ടോള്‍ഫ്രീ നമ്പര്‍ 1800111321 നിലവില്‍ വന്നു.
ആധാര്‍ പദ്ധതി റെയില്‍വെ പ്രയോജനപ്പെടുത്തും. 1000 ലെവല്‍ ക്രോസുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. ഭക്ഷണ പരിശോധിക്കാനായി ലബോറട്ടറികളും സ്ഥാപിക്കും.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെ ഇക്കുറിയും അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി, ആലപ്പുഴ വാഗണ്‍ ഫാക്ടറി, തിരുവനന്തപുരത്ത് റയില്‍വെ മെഡിക്കല്‍ കോളജ്, എറണാകുളം-തൃശൂര്‍, പാലക്കാട്-ഈറോഡ് മെമു, അതിവേഗ റയില്‍ ഇടനാഴി, ഷൊര്‍ണ്ണൂര്‍-മംഗലാപുരം, ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ വൈദ്യുതീകരണം, കോട്ടയം,നേമം,കോഴിക്കോട്,കണ്ണൂര്‍ കോച്ച് ഡിപ്പോകള്‍, കേരളത്തിന്റെ പ്രധാന സ്‌റ്റേഷനുകള്‍ക്ക് രാജ്യാന്തര നിലവാരം എന്നിവയായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍.
കേരളത്തിന് അനുവദിച്ച പ്രധാന ട്രെയിനുകള്‍:
ഷൊര്‍ണൂര്‍- കോഴിക്കോട് പാസഞ്ചര്‍(ദിവസേന)
പുനലൂര്‍-കൊല്ലം പാസഞ്ചര്‍( ദിവസേന)
തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (ദിവസേന)
ഗുവഹാത്തി-എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെ നീട്ടി. മധുര-കൊല്ലം പാസഞ്ചര്‍ പുനലൂര്‍ വരെയും നീട്ടി. എറണാകുളം- തൃശൂര്‍ മെമു പാലക്കാട് വരെയും കൊല്ലം-നാഗര്‍കോവില്‍ മെമു കന്യാകുമാരി വരെയും നീട്ടി. കൊച്ചുവേളി-ചണ്ഡിഗഢ് എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് ദിവസമാക്കി.