| Monday, 6th November 2017, 10:25 am

സൂറത്തില്‍ ബി.ജെ.പിക്ക് കാലിടറുന്നു: പാര്‍ട്ടിയെ ഞെട്ടിച്ച് രാഹുലിന്റെ റാലിയിലെ ജനപങ്കാളിത്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്തില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ സൂറത്തില്‍ ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രദേശവാസികള്‍ക്ക് ബി.ജെ.പിയോടുള്ള അതൃപ്തി പ്രകടമാകുന്നു. ജി.എസ്.ടിയ്‌ക്കെതിരായി വ്യാപാരികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന സൂറത്തിലെ വാരച്ചയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കു ലഭിച്ച സ്വീകരണം ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധി പങ്കെടുത്ത പൊതുയോഗത്തില്‍ വന്‍ജനപങ്കാളിത്തമാണ് ഉണ്ടായത്. വാരാച്ചയില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ കോണ്‍ഗ്രസിന്റെ ഒരു പൊതുയോഗത്തില്‍ ഇത്രയധികം ആളുകള്‍ എത്തുന്നത് ആദ്യമായാണെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ദീപാവലി അവധിയുടെ ഭാഗമായി സൂറത്തിലെ കടകളേറെയും അടഞ്ഞുകിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലും രാഹുലിന്റെ റാലിയില്‍ ഇത്രയേറെ പങ്കാളിത്തമുണ്ടായത് ബി.ജെ.പിയെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്.


Must Read: പാരഡൈസ് പേപ്പേഴ്‌സില്‍ വയലാര്‍ രവിയുടെ മകനും, അമിതാഭ് ബച്ചനും, വിജയ് മല്യയും; കള്ളപ്പണ നിക്ഷേപത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ 19 ാമത്


1995 മുതല്‍ ബി.ജെ.പി തുടര്‍ച്ചയായി ജയിച്ചുവരുന്ന വാരാച്ച ബി.ജെ.പിയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. എന്നാല്‍ അടുത്തിടെ സൂറത്തില്‍ ബി.ജെ.പി നടത്തിയ പല റാലികളിലും ജനപങ്കാളിത്തത്തില്‍ വലിയ കുറവാണുണ്ടായത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗം ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ട അവസ്ഥയും വന്നിരുന്നു. തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കമിട്ട് അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗമാണ് പട്ടേല്‍ സമുദായത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായത്.

സൂറത്തില്‍ പാര്‍ട്ടിക്കു ലഭിച്ച തിരിച്ചടിയെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ വഴി ചില വ്യാജപ്രചരണങ്ങളുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു. രാഹുലിന്റെ പൊതുയോഗത്തില്‍ “ബി.ജെ.പി, ബി.ജെ.പി” മുദ്രാവാക്യം വിളി ഉയരുന്നതിന്റെ വീഡിയോകളാണ് പ്രചരിപ്പിച്ചത്. എന്നാല്‍ അങ്ങനെയൊരു സംഭവം റാലിയ്ക്കിടെ ഉണ്ടായിട്ടില്ലെന്നാണ് പൊതുയോഗ വേദിയിലുണ്ടായവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more