ന്യൂദല്‍ഹി: രാജ്യത്ത് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ‘ഭീകരവാദികള്‍’ എന്ന് വിളിച്ച വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ത്ര പ്രധാനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോടിക്കണക്കിന് യുവാക്കളോട് ധര്‍മേന്ദ്ര പ്രധാന്‍ മാപ്പു പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
പ്രതിഷേധിക്കുന്ന ആരെ വേണമെങ്കിലും ‘രാജ്യദ്രോഹി’ എന്ന് മുദ്ര കുത്തുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. അധികാരത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ മോദി സര്‍ക്കാര്‍ സുരക്ഷിത ഭാവിക്കായും അവകാശങ്ങള്‍ക്കായും പോരാടുന്ന വിദ്യാര്‍ത്ഥികളെ ഭീകരവാദികളെന്ന് വിളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
‘അധികാരത്തിന്റെ ധാര്‍ഷ്ട്യം ബാധിച്ച മോദി സര്‍ക്കാര്‍ ഇപ്പോള്‍ അവകാശങ്ങള്‍ക്കും നീതിയുക്തമായ പരീക്ഷയ്ക്കും സുരക്ഷിതമായ ഭാവിക്കുമായി പോരാടുന്ന വിദ്യാര്‍ത്ഥികളെ ഭീകരവാദികളെന്ന് മുദ്രകുത്തുന്ന അവസ്ഥയിലാണ് എത്തിച്ചേര്‍ന്നത്,’ രാഹുല്‍ പറഞ്ഞു. തന്റ പരാജയങ്ങള്‍ ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
‘ഒന്ന് ആലോചിച്ച് നോക്കൂ. ഒരു വ്യക്തിയുടെ പരാജയം കാരണം ധാരാളം ചോദ്യക്കടലാസ് ചോര്‍ന്നു. അത് കാരണം 20 വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആ വ്യക്തി കോടിക്കണക്കിന് യുവ ജനങ്ങളുടെ ഭാവി ഇരുട്ടിലാക്കി മാറ്റി. ആ വ്യക്തിയാണ് ഇന്ന് തങ്ങളുടെ ശബ്ദം ഉയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ഭീകരവാദികള്‍ എന്ന് വിളിക്കുന്നത്,’ ധര്‍മേന്ദ്ര പ്രധാനെക്കുറിച്ച് രാഹുല്‍ പറഞ്ഞു.
ബി.ജെ.പിയെ സംബന്ധിച്ച് ഇത്തരം മുദ്രകുത്തലുകള്‍ പുതിയ കാര്യമല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകര്‍ സമരം ചെയ്തപ്പോള്‍ അവരെ ആന്ദോളന്‍ ജീവികളെന്നും പാരസൈറ്റുകളെന്നും വിളിച്ചവരാണ് ബിജെപിക്കാരെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ചോദ്യം ചോദിക്കുന്നവരെ ദേശ വിരുദ്ധരെന്ന് മുദ്ര കുത്തുന്നവരാണ് ബി.ജെ.പിക്കാര്‍. ഇപ്പോള്‍ അവര്‍ യുവാക്കളെ ഭീകരവാദികളെന്നും വിളിക്കുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന എല്ലാവരെയും അവര്‍ ദേശദ്രോഹിയെന്ന് മുദ്ര കുത്തുന്നു. അതാണ് അവരുടെ രാഷ്ട്രീയമെന്നും ബി.ജെ.പിയെക്കുറിച്ച് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
‘ധര്‍മേന്ദ്ര പ്രധാന്‍ ജീ, പെട്ടെന്ന് തന്നെ രാജ്യത്തെ കോടിക്കണക്കിന് യുവാക്കളോട് മാപ്പു പറയൂ, നിങ്ങളുടെ പരാജയങ്ങളുടെ പേരില്‍ രാജിവയ്ക്കൂ,’ രാഹുല്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
‘എന്നെ സംബന്ധിച്ച് – നിങ്ങള്‍ക്ക് വേണ്ടത്ര എന്നെ ആക്രമിക്കാം. ഇക്കാര്യം ഞാന്‍ രാജസ്ഥാനിലെ കോട്ടയില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞതാണ്, ഇപ്പോഴും ഒരിക്കല്‍ കൂടി പറയുന്നു, ഇന്ന് രാജ്യത്തെ വിദ്യാഭ്യാസ രംഗം ഒരു കൊള്ളസംഘം പോലെയയായി മാറിയിരിക്കുകയാണ്. ഇത് അങ്ങനെ പോകാന്‍ ഞാന്‍ സമ്മതിക്കില്ല,’ രാഹുല്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
രാജ്യത്തെ എല്ലാ കുട്ടിക്കും താങ്ങാനാവുന്ന ചിലവിലുള്ളതും നിലവാരമുള്ളതുമായ വിദ്യാഭ്യാസവും നീതിപൂര്‍വമായ പരീക്ഷയും ഉറപ്പാക്കണമെന്ന ആവശ്യം ഞാന്‍ എപ്പോഴും ഉയര്‍ത്തിക്കൊണ്ടിരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളുടെ ബി – ടീം ആണെന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന. എന്‍.ഡി.ടി.വിയോട് സംസാരിക്കവെയായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ വിവാദ പരാമര്‍ശം. ജനാധിപത്യത്തെ തള്ളിക്കളയുന്ന ഭീകരര്‍ ഇപ്പോള്‍ തിരിച്ച് വന്ന് വേഷം മാറി വ്യവസ്ഥിതിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ വിഭജിക്കാന്‍ നടക്കുന്നവരുടെ മുദ്രാവാക്യങ്ങളാണ് അവര്‍ മുഴക്കുന്നതെന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിദ്യാഭ്യസ മന്ത്രി പറഞ്ഞിരുന്നു.
ധര്‍മേന്ദ്ര പ്രധാന്റെ പരാമര്‍ശത്തെ കോക്‌റോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ വിമര്‍ശിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഈ രാജ്യത്തെ യുവാക്കളെ ഭീകരവാദികളെന്ന് വിളിക്കുകയാണായിരുന്നു ദീപ്‌കെയുടെ പ്രതികരണം. ഇവിടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ നീതിക്കായി തങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ധര്‍മേന്ദ്ര പ്രധാന്‍ തങ്ങളെ ഭീകരവാദികളുടെ ബി ടീം എന്ന് വിളിക്കുകയായാണെന്നും ദീപ്‌കെ അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: Rahul Gandhi urges Dharmendra Pradhan to apologise, resign over ‘terrorist’ remark