ന്യൂദല്‍ഹി: ഹിന്ദു ദേശീയവാദിയായ സവര്‍ക്കറിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ യൂട്യൂബ് വീഡയോ സമര്‍പ്പിക്കാന്‍ അനുമതി നല്‍കി പൂനെ പ്രത്യേക എം.പി, എം.എല്‍.എ കോടതി.
രാഹുല്‍ ഗാന്ധി പ്രസംഗത്തിലൂടെ സവര്‍ക്കറിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സവര്‍ക്കറിന്റെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ നല്‍കിയ കേസിലാണ് വ്യാഴാഴ്ച്ച കോടതി നിര്‍ദേശം നല്‍കിയത്.
2023 മാര്‍ച്ച് 5ന് ലണ്ടനില്‍വെച്ച് നടന്ന പ്രസംഗത്തില്‍ സവര്‍ക്കറിനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു സത്യകി മാനനഷ്ട കേസ് നല്‍കിയത്.
പരാതിയോടൊപ്പം 2023 ലെ പ്രസംത്തിന്റെ വീഡിയോ അടങ്ങുന്ന ഒരു സി.ഡിയും പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്കും ചില വാര്‍ത്ത റിപ്പോര്‍ട്ടുകളും സത്യകി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു
പരിശോധനക്കിടെ സി.ഡി ശൂന്യമാണെന്നായിരുന്നു കോടതിയുടെ കണ്ടത്തല്‍.
ഇതിന് പിന്നാലെയാണ് തെളിവായി രാഹുല്‍ ഗാന്ധിയുടെ തന്നെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്നും വീഡിയോ എടുക്കണമെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
യൂട്യൂബ് ലിങ്കിനു പുറമെ പെന്‍ഡ്രൈവും തെളിവായി സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കിയതായി സത്യകി സവര്‍ക്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഡിസംബര്‍ 31 നാണ് അടുത്തവാദം. എന്നാല്‍ ഈ രണ്ട് നടപടികളെയും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ എതിര്‍ത്തു.
രാഹുലിന്റെ പ്രസംഗത്തില്‍ സവര്‍ക്കര്‍ ഒരു പുസ്തകം എഴുതിയതായും അതില്‍ അഞ്ച് മുസ്‌ലിങ്ങളെ മര്‍ദിച്ച് സന്തോഷിക്കുന്നതായും പറയുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു പുസ്തകം സവര്‍ക്കര്‍ എഴുതിയിട്ടില്ല. അത്തരത്തിലൊരു സംഭവം പോലും നടന്നിട്ടില്ലെന്നുമാണ് സത്യകി സവര്‍ക്കറിന്റെ വാദം.
Content Highlight :Rahul Savarkar defamation case; Court may submit YouTube video link as evidence