| Thursday, 6th November 2025, 8:55 pm

ഭ്രമയുഗത്തിന്റെ രണ്ടാം ഭാഗം, അല്ലെങ്കില്‍ മറ്റൊരു ചിത്രം? മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കുമെന്ന സൂചന നല്കി രാഹുല്‍ സദാശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭ്രമയുഗം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എക്‌സില്‍ നടത്തിയ സംഭാഷണമാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. സംസ്ഥാന അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയെ അഭിനന്ദിച്ച് നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്രന്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചക്ക് തുടക്കമായത്. മികച്ച നടനുള്‍പ്പെടെ നാല് അവാര്‍ഡാണ് ഭ്രമയുഗം സ്വന്തമാക്കിയത്.

ഇതിനൊപ്പം എക്‌സൈറ്റിങ്ങായിട്ടുള്ള മറ്റൊരു കാര്യം കൂടി ഭ്രമയുഗത്തിന്റെ ആഘോഷത്തോടൊപ്പം ചേരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ചക്രവര്‍ത്തി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ഇതിന് മറുപടിയുമായി സംവിധായകന്‍ രാഹുല്‍ സദാശിവന്‍ രംഗത്തെത്തുകയും ചെയ്തു. ‘ഇത് ചതിയാണ്, 10.30ന് അനൗണ്‍സ് ചെയ്യാമെന്നല്ലേ പറഞ്ഞത്’ എന്നായിരുന്നു രാഹുല്‍ സദാശിവന്റെ മറുപടി.

ഒഫിഷ്യല്‍ ഇ- മെയിലിന് ശേഷം എക്‌സൈറ്റ്‌മെന്റ് അടക്കാനാകാതെ പറഞ്ഞതാണെന്ന് രാഹുലിന് ചക്രവര്‍ത്തി മറുപടി നല്കിയതോടെ ആരാധകര്‍ കൂടുതല്‍ ആവേശത്തിലായി. ഭ്രമയുഗം ടീം ഒളിപ്പിച്ചുവെച്ച സര്‍പ്രൈസ് എന്താണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. മമ്മൂട്ടിയും രാഹുല്‍ സദാശിവനും ഒന്നിക്കുകയാണോ എന്നാണ് പലരും ചോദിക്കുന്നത്.

ഡീയസ് ഈറേയുടെ റിലീസിന് മുമ്പ് മമ്മൂട്ടിയുമായി ഒന്നിച്ചേക്കുമെന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എക്‌സില്‍ ട്വീറ്റ് പങ്കുവെച്ചിരുന്നു. പുതിയ പോസ്റ്റും പഴയ പോസ്റ്റും തമ്മില്‍ കണക്ട് ചെയ്താണ് പലരും ഈയൊരു അനുമാനത്തിലെത്തിയിരിക്കുന്നത്. ഭ്രമയുഗത്തിന്റെ സ്പിന്‍ ഒഫോ അല്ലെങ്കില്‍ പുതിയ ഏതെങ്കിലും പ്രൊജക്ടോ ആകാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ അനുമാനിക്കുന്നുണ്ട്.

ഹോറര്‍ സിനിമകളാകും താനിനി ചെയ്യുകയെന്നും ക്വാറന്റൈന്‍ സമയത്ത് പൂര്‍ത്തിയാക്കിയ ഒരുപാട് സ്‌ക്രിപ്റ്റുകളുണ്ടെന്നും രാഹുല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യമായി ഒന്നിച്ചപ്പോള്‍ ഗംഭീര സിനിമാനുഭവം സമ്മാനിച്ച കിടിലന്‍ കോമ്പോ വീണ്ടും ഒന്നിക്കുമോ ഇല്ലയോ എന്ന് 10.30ന് അറിയാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ പുതിയ പ്രൊജക്ടൊന്നുമാകില്ലെന്നും ഭ്രമയുഗം കളര്‍ വേര്‍ഷന്‍ പുറത്തിറങ്ങുമെന്നുള്ള വാര്‍ത്തയാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിന് പുറത്ത് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവമായിരുന്നു സമ്മാനിച്ചത്.

Content Highlight: Rahul Sadasivan’s tweet viral in Social Media

Latest Stories

We use cookies to give you the best possible experience. Learn more