‘ഭൂതകാല’വും ‘ഡീയസ് ഈറെ’യുമെല്ലാം ഏതാണ്ട് ഒരേകാലത്ത് നടക്കുന്ന കഥകളാണെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്.’ഭ്രമയുഗ’ത്തിന് മുമ്പേ ആലോചനയിലേക്കെത്തിയ കഥയാണ് ഡീയസ് ഈറെയുടേതെന്നും വായിച്ചതും അറിഞ്ഞതും കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലാം എഴുത്തിന് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററില്‍ ഗംഭീര മുന്നേറ്റം തുടരുന്ന ഡീയസ് ഈറെയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് രാഹുല്‍. ഭൂതകാലത്തിലെ ഒരു കഥാപാത്രം പുതിയ സിനിമയുടെ അവസാനഭാഗത്ത് കടന്നുവരുന്നുണ്ടെന്നും ഭൂതകാലവും ഡീയസ് ഈറെയുമെല്ലാം ഒരേകാലത്ത് നടക്കുന്ന കഥകളാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടിലെയും കഥാപാത്രങ്ങള്‍ മറ്റൊരുഘട്ടത്തില്‍ ഇനിയും കണ്ടുമുട്ടിയെന്നുവരാമെന്നും തുടര്‍ച്ചയ്ക്കുള്ള സാധ്യത നിലനിര്‍ത്തിയാണ് സിനിമ അവസാനിപ്പിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം പ്രേക്ഷകരെയും കൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എഴുത്ത് പൂര്‍ത്തിയാക്കിയ ശേഷം സിനിമയുടെ മറ്റ് ജോലികളിലേക്ക് കടക്കുന്നതാണ് എന്റെ രീതി. പല പ്രായത്തിലുള്ള പലതരം വൈകാരികതകള്‍ ഇഷ്ടപ്പെടുന്നവരാണ് സിനിമ കാണാന്‍ എത്തുക. അവരെയെല്ലാം തൃപ്തിപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്. സിനിമയുടെ പേര് പ്രഖ്യാപിച്ച സമയത്ത് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അപരിചിതമായ വാക്കിനെക്കുറിച്ചും അതിലെ ദുരൂഹതയെപ്പറ്റിയും അന്വേഷിച്ചിരുന്നു,’രാഹുല്‍ പറയുന്നു.
ഡീയസ് ഈറെ എന്ന പേരും അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ സ്വീകരിച്ചു എന്നറിയുമ്പോള്‍ സന്തോഷമുണ്ടെന്നും തുടര്‍ച്ചയായി ഹൊറര്‍ ചിത്രങ്ങള്‍ ഒരുക്കുന്നത് കൊണ്ട് ഡാര്‍ക്ക്മാത്രം ഇഷ്ടപ്പെടുകയും ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് കരുതരുതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഹൊറര്‍ സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യൂ എന്ന വാശിയൊന്നുമില്ലെന്നും ഭൂതകാലം കഴിഞ്ഞപ്പോള്‍, ആ സിനിമ പ്രേക്ഷകര്‍ക്കിഷ്ടമായി എന്നറിഞ്ഞപ്പോള്‍ അത്തരം വിഷയങ്ങളില്‍ ഇനിയും കഥകള്‍ പറയാനുണ്ടെന്ന് തോന്നിയതാണന്നെും രാഹുല്‍ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
Content highlight: Rahul Sadashivan says that both the films Bhoothakalam dies irae are stories set in the same period