| Thursday, 18th September 2025, 3:39 pm

രാഹുലിന്റെ ആരോപണം തെറ്റും അടിസ്ഥാനരഹിതവും; ഓൺലൈൻ ആയി വോട്ടുകൾ ഇല്ലാതാക്കാൻ കഴിയില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ വോട്ട് തട്ടിപ്പുകാരെ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരുടെ പേരുകൾ ആസൂത്രിതമായി വെട്ടിമാറ്റുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണവും കമ്മീഷൻ തള്ളി. വോട്ടർമാരുടെ പേര് ഓൺലൈനായി ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് കമ്മീഷന്റെ വാദം.

വോട്ടുചെയ്യാൻ അവകാശമുള്ള വ്യക്തിക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

2023 ൽ ആലന്ദ് നിയമസഭ മണ്ഡലത്തിലെ വോട്ടർമാരെ ഇല്ലാതാക്കാൻ ചില ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഈ വിഷയം അന്വേഷിക്കാൻ എഫ്.ഐ.ആർ ഫയൽ ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.

വോട്ട് കള്ളന്മാരെയും ജനാധിപത്യം നശിപ്പിച്ച ആളുകളെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സംരക്ഷിക്കുകയാണെന്നും കർണാടക നിയമസഭ മണ്ഡലത്തിൽ നിന്നുള്ള ഡാറ്റകളിൽ നിന്ന് കോൺഗ്രസ് വോട്ടർമാരുടെ വോട്ടുകൾ തെരഞ്ഞെടുപ്പിന് മുമ്പ് ആസൂത്രിതമായി ഇല്ലാതാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

കർണാടകയിലെ ആലന്ദ് സീറ്റിൽ നിന്ന് 6018 വോട്ടുകൾ ഇല്ലാതാക്കാൻ സോഫ്റ്റ് വെയറുകളും ഫോൺ നമ്പറുകളും ഉപയോഗിച്ച് ശ്രമിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി പത്രസമ്മേളനം നടത്തിയത്.
ഇതില്‍ ചില വോട്ടര്‍മാരെ രാഹുല്‍ വേദിയില്‍ ഹാജരാക്കുകയും ചെയ്തു.

വ്യാജ ഐ.ഡികളില്‍ നിന്നും ലോഗിന്‍ ചെയ്തുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടുകള്‍ നീക്കിയതെന്നും വോട്ട് കൊള്ളയ്ക്ക് തന്റെ പക്കല്‍ 101 ശതമാനം തെളിവുകളുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സൂര്യകാന്ത് എന്നയാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് 12 വോട്ടുകള്‍ നീക്കി. ഏറ്റവുമധികം വോട്ടുകള്‍ വെട്ടിയ ബൂത്തുകള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണെന്നും രാഹുല്‍ വ്യക്തമാക്കി.

36 സെക്കന്‍ഡുകള്‍ക്കുള്ളില്‍ രണ്ട് അപേക്ഷകള്‍ നല്‍കിയെന്നും രണ്ടിനും ഒരേ സീരിയല്‍ നമ്പറാണെന്നും രാഹുല്‍ പറഞ്ഞു.

‘അട്ടിമറി നടത്തുന്നത് ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായി അറിയാം. കര്‍ണാടക സി.ഐ.ഡിക്ക് തെളിവുകള്‍ നല്‍കാന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകണം. ഇന്ത്യയുടെ ജനാധിപത്യം തകര്‍ക്കുന്നവരെ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കരുത്,’ രാഹുല്‍ വിമര്‍ശിച്ചു.

Content Highlight: Rahul’s allegation is false and baseless; Votes cannot be deleted online: Election Commission

We use cookies to give you the best possible experience. Learn more