2012ൽ അമൽ നീരദ് സംവിധാനം ചെയ്ത ‘ബാച്ച്ലർ പാർട്ടി’യുടെ സംഗീതം ഒരുക്കിയത് രാഹുൽ രാജായിരുന്നു. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസംഗീതവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും സിനിമയിലെ സംഗീതത്തിന് പ്രത്യേക ആരാധകരുണ്ട്. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ബാച്ച്ലർ പാർട്ടി ഡ്യൂ’വിൽ രാഹുൽ രാജ് ഭാഗമായില്ല. പകരം ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിൽ തന്നെ ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ചും അമൽ നീരദുമായുള്ള സൗഹൃദത്തെക്കുറിച്ചും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് രാഹുൽ രാജ്.
രാഹുൽ രാജ്. Photo. Screen Grab/ Youtube
‘ബാച്ച്ലർ പാർട്ടി’യുടെ തിരക്കുകൾക്കിടയിലും അമൽ നീരദുമായി ഇപ്പോഴും നല്ല ബന്ധം തുടരുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. അടുത്തിടെ പോലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അമലിന് അയച്ചുകൊടുത്തിരുന്നു. സിനിമയുടെ തിരക്കുകൾ കഴിഞ്ഞ് വീട്ടിലേക്ക് വരാമെന്ന് അമൽ പറഞ്ഞിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി. താൻ പുതിയൊരു സ്റ്റുഡിയോ സ്പേസ് തുടങ്ങിയിട്ടുണ്ടെന്നും അമലും അൻവറും അവിടേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് തന്നെ വിളിക്കാത്തതിൽ തുടക്കത്തിൽ ചെറിയ വിഷമം തോന്നിയിരുന്നുവെന്നും രാഹുൽ തുറന്നുപറഞ്ഞു.
‘ഒരു മനുഷ്യൻ എന്ന നിലയിൽ വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ എന്നൊരു തോന്നൽ ആർക്കും ഉണ്ടാകും. ആദ്യം വിളിക്കാതിരുന്നപ്പോൾ ചെറിയ വിഷമം തോന്നിയിരുന്നു. അത് എല്ലാവർക്കും ഉണ്ടാകുന്ന സ്വാഭാവികമായ വികാരമല്ലേ. പക്ഷേ, എന്തുകൊണ്ട് വിളിച്ചില്ലെന്ന് ചോദിക്കാൻ എനിക്ക് കഴിയില്ല. പുതിയ ആളുകളുമായി പ്രവർത്തിക്കാനായിരിക്കാം സംവിധായകൻ ആഗ്രഹിച്ചത്. അതെല്ലാം ഒരു ഫിലിം മേക്കറുടെ തീരുമാനമാണ്,’ രാഹുൽ പറഞ്ഞു.
ഒരുപാട് കാലമായി പരസ്പരം അറിയുന്നവരാണെങ്കിലും, ഇപ്പോൾ താൻ കൈവരിച്ച സാങ്കേതികമായ വളർച്ചയെക്കുറിച്ച് അമലിന് വ്യക്തമായ ധാരണയുണ്ടാകണമെന്നില്ലെന്നും രാഹുൽ പറയുന്നു. ഒരുമിച്ച് പ്രവർത്തിക്കുന്നവർക്കാണ് ഒരാളുടെ ഇപ്പോഴത്തെ കഴിവുകളും പ്രവർത്തനരീതിയും കൂടുതൽ മനസിലാക്കാൻ കഴിയുക. അത്തരം കാര്യങ്ങൾ പുതിയ സിനിമകളിലൂടെ മാത്രമേ തെളിയിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സിനിമയുടെ അണിയറപ്രവർത്തകരെ തെരഞ്ഞെടുക്കുന്നത് പല ഘടകങ്ങളും ഒത്തുചേരുന്ന പ്രക്രിയയാണെന്നും രാഹുൽ അഭിപ്രായപെട്ടു.
‘സിനിമയെന്നത് പല ഘടകങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ്. ഒരു ടീമിനെ ഒരുക്കുമ്പോൾ പല തരത്തിലുള്ള പൊരുത്തങ്ങൾ നോക്കേണ്ടിവരും. അങ്ങനെ ഒരു മാച്ച് മേക്കിങ് പ്രക്രിയയിലൂടെയാണ് ക്രൂവിനെ തെരഞ്ഞെടുക്കുന്നത്. ആ സമയത്ത് സംവിധായകന് യോജിച്ചെന്ന് തോന്നുന്നവരെയായിരിക്കും സിനിമയുടെ ഭാഗമാക്കുക’, രാഹുൽ രാജ് പറഞ്ഞു.
ബാച്ലർ പാർട്ടി D’eux. Photo. IMDb
അതേസമയം, ‘ബാച്ച്ലർ പാർട്ടി ഡ്യൂ’വിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യഭാഗത്തിലെ സംഗീതത്തിന് ലഭിച്ച സ്വീകാര്യത രണ്ടാം ഭാഗത്തിലെ ക്രിസ്റ്റോ സേവ്യറിന്റെ സംഗീതത്തിനില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
Content Highlight: Rahul Raj says he still maintains a good relationship with Amal Neerad, despite the busy schedule of ‘Bachelor Party’.