| Wednesday, 11th February 2026, 2:47 pm

എപ്‌സ്റ്റീന്‍ ഫയല്‍സില്‍ അംബാനിയുടെ പേരുണ്ടെന്ന് രാഹുല്‍; സംസാരം തടസപ്പെടുത്തി ചെയര്‍

അനിത സി

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ എപ്സ്റ്റീന്‍ ഫയല്‍സ് പരാമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയും തമ്മില്‍ ബന്ധങ്ങളുണ്ടെന്ന് രാഹുല്‍ പരാമര്‍ശിച്ചു.

ഇതിനെ തടഞ്ഞ ചെയറിലുണ്ടായിരുന്ന ജഗദാംബിക പാല്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തരുതെന്ന് രാഹുലിനെ വിലക്കി. സംസാരം തുടര്‍ന്ന രാഹുലിനെ നിരവധി തവണ ചെയര്‍ ഇടപെട്ട് തടസം സൃഷ്ടിക്കുകയും ചെയ്തു. ബജറ്റിനെ കുറിച്ച് മാത്രം സംസാരിക്കണമെന്നും സഭയിലില്ലാത്തവരെ കുറിച്ച് പരാമര്‍ശിക്കരുതെന്നും ആവശ്യപ്പെട്ടു.

ഭരണപക്ഷം ഒന്നടങ്കം രാഹുലിന്റെ സംസാരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. നോട്ടീസില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു രാഹുലിനോട് പറഞ്ഞു.

രാഹുല്‍ രേഖകള്‍ ഹാജരാക്കണമെന്നും അല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും പ്രഹ്ലാദ് ജോഷി എം.പി ആവശ്യപ്പെട്ടു.

തെളിവുകള്‍ കയ്യിലുണ്ടെന്നായിരുന്നു ഇതിനോടുള്ള രാഹുലിന്റെ മറുപടി. രേഖകള്‍ സഭയില്‍ വെക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെയും രാഹുല്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. നരേന്ദ്ര മോദി ഇന്ത്യയെ യു.എസിന് വിറ്റുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യ എവിടെ നിന്നാണ് എണ്ണ വാങ്ങുന്നത് എന്ന് തീരുമാനിക്കുന്നത് യു.എസ് ആണ്. അവര്‍ പറഞ്ഞത് ഇന്ത്യ ചെയ്തില്ലെങ്കില്‍ വന്‍തോതിലുള്ള തീരുവ ചുമത്തി ശിക്ഷിക്കുകയാണ് ചെയ്യുന്നത്.

എണ്ണയെ ആയുധമാക്കിയിരിക്കുകയാണ്. ഇതിനെ മറി കടക്കാന്‍ ഒരു പരിഹാരമാര്‍ഗവും നിങ്ങള്‍ക്ക് മുന്നിലില്ലെന്നും കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോദിയെ ഫോണില്‍ വിളിച്ച് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെന്നും രാഹുല്‍ ആരോപിച്ചു.

ബജറ്റിനെ കുറിച്ച് സംസാരിക്കവെ, സ്ഥിരതയില്‍ നിന്നും അസ്ഥിരമായ ഒരു ലോകത്തേക്ക് നമ്മള്‍ നീങ്ങിയെന്ന് ആഗോള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ വിശദീകരിച്ചു.

Content Highlight: Rahul raises Epstein file in Parliament; Chair interrupts speech several times

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more