തിരുവനന്തപുരം: തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. യുവനടി പറഞ്ഞത് തന്നെ പറ്റിയല്ലെന്നും തനിക്കെതിരെ ഒരു പരാതിയെങ്കിലും വന്നാല്‍ മറുപടി പറയാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഈ പ്രസ്ഥാനത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട എല്ലാവരുമായി സംസാരിച്ചിരുന്നെന്നും ഒരാള്‍ പോലും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
‘കെ.പി.സി.സി പ്രസിഡന്റുമായി, പ്രതിപക്ഷ നേതാവുമായി ഉത്തരവാദിത്തപ്പെട്ട മുഴുവന്‍ നേതാക്കന്മാരുമായി സംസാരിച്ചു. ഈ നിമിഷം വരെ രാജിവെക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല.
ഒരു യുവനടിയുടെ ആരോപണങ്ങള്‍ വന്നു എന്ന് പറഞ്ഞു. ആ യുവനടി എന്റെ അടുത്ത സുഹൃത്താണ്. അവര്‍ എന്നെ പറ്റിയാണ് പറഞ്ഞതെന്ന് ഞാന്‍ വിചാരിക്കുന്നില്ല. വിശ്വസിക്കുന്നുമില്ല.
അവര്‍ എന്റെ പേര് പറഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. മാധ്യമങ്ങളാണ് എന്റെ പേര് കൊടുത്തത്. ഈ അടുത്തകാലം വരെ അവരുമായി നല്ല കമ്യൂണിക്കേഷന്‍ ഉണ്ടായിരുന്നു. അവര്‍ എന്നെപറ്റിയാണ് പറഞ്ഞതെന്ന് ഞാന്‍ വിചാരിക്കുന്നില്ല.
നമുക്ക് നല്ല സൗഹൃദങ്ങള്‍ ഉണ്ടല്ലോ. ഇപ്പോഴും അടുത്ത സുഹൃത്താണ്. നാളെകളിലും അടുത്ത സുഹൃത്തായിരിക്കും. അവര്‍ എന്നെ പറ്റിയല്ല പറഞ്ഞത് എന്ന് ഉറച്ചുവിശ്വസിക്കുകയാണ്.
നിങ്ങള്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവര്‍ എന്റെ പേര് ഈ നിമിഷം വരെ പറഞ്ഞിട്ടില്ല എന്നാണ് ഇത് കണ്ട ആളെന്ന നിലയില്‍ മനസിലാക്കുന്നത്.
എന്റെ പേര് ആരും ഗൗരവതരമായി പറഞ്ഞിട്ടില്ല. ഇപ്പോഴും എന്റെ ബോധ്യം ഞാന്‍ ഈ രാജ്യത്തെ നിയമ സംവിധാനത്തിന് വിരുദ്ധമായി, ഈ രാജ്യത്തെ ഭരണഘടനയ്ക്ക് വിരുദ്ധമായി ഇന്നത്തെ ദിവസം വരെ എന്റെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടായിട്ടില്ല എന്നാണ്.
നിങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന വാര്‍ത്തകളില്‍ പോലും ഞാന്‍ നിയമവിരുദ്ധമായി എന്തെങ്കിലും കാര്യം ചെയ്തതായി നിങ്ങള്‍ക്ക് ആരോപിക്കാനുണ്ടോ.
എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടോ. പരാതി ആര്‍ക്കും കൊടുക്കാം. പരാതി ചമയ്പ്പിക്കാനും പറ്റും. അത്തരത്തില്‍ ചമയ്ക്കപ്പെട്ട പരാതി പോലും വന്നിട്ടില്ല. സ്വാഭാവികമായും അവര്‍ക്ക് പരാതി കൊടുക്കാം. ഈ രാജ്യത്ത് കോടതിയുണ്ട്. നീതിന്യായ സംവിധാനങ്ങളില്‍ ഞാന്‍ എന്റെ നിരപരാധിത്വം അവിടെ തെളിയിക്കും.
ഗര്‍ഭച്ഛിദ്രത്തെ കുറിച്ച് പരാതി ആരെങ്കിലും പറഞ്ഞോ. ഇന്നത്തെ കാലത്ത് ഇത്തരം സംഭാഷണം ഉണ്ടാക്കലൊന്നും അസാധ്യമല്ലല്ലോ. ഇത്തരം കാര്യങ്ങളുണ്ടാക്കാമല്ലോ. സ്വാഭാവികമായിട്ടും അത്തരത്തില്‍ ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ. ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു എന്ന ഒരു പരാതി വന്നിട്ടുണ്ടോ. വന്നാല്‍ ഞാന്‍ മറുപടി പറയാം.
ഇതിനൊക്കെ നമ്മള്‍ ആന്‍സറബിള്‍ ആകുന്നത് ഏത് മൊമെന്റില്‍ ആണ്. ഏതെങ്കിലും ഒരു വ്യക്തി നിങ്ങള്‍ പറഞ്ഞതുപോലെ ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു എന്ന പരാതി പറയുമ്പോഴാണ്. അങ്ങനെ ഉണ്ടെങ്കില്‍ അപ്പോള്‍ നോക്കാം. നിയമപരമായി നേരിടാം.
ഈ വിഷയത്തില്‍ കൈരളിയുടെ തിടുക്കമൊക്കെ എനിക്ക് മനസിലാകും. ഒരു പരാതിക്കാരി പരാതി പുറത്തുവന്ന് പറഞ്ഞ ശ്രീ. മുകേഷ് എം.എല്‍.എക്ക് എതിരായി കൈരളിയുടെ ഒരു തിടുക്കവും ഞാന്‍ കണ്ടില്ല. ആത്മരോഷം കണ്ടില്ല.
എ.കെ ശശീന്ദ്രന്റെ കേസ് വന്നപ്പോള്‍ ഈ വ്യഗ്രത കണ്ടില്ലല്ലോ. സര്‍ക്കാരിനെതിരായ ജനവികാരം അതിശക്തമായ സമയമാണ്. സി.പി.ഐ.എമ്മിന് അകത്ത് പോലും പ്രശ്‌നങ്ങള്‍ ഉണ്ട്.
പരാതിയില്ലാത്ത ഗര്‍ഭച്ഛിദ്രത്തെ കുറിച്ച് പറയുമ്പോള്‍ സി.പി.ഐ.എമ്മിനകത്തെ രൂക്ഷമായ അന്തച്ഛിദ്രങ്ങള്‍ എന്താണ് പറയാത്തത്. കത്ത് വിവാദമടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ഈ ചര്‍ച്ചകളെയാകെ വ്യതിചലിപ്പിക്കാന്‍ വേണ്ടിയാണ് ഇത്.
എന്നെ ന്യായീകരിച്ചുകൊണ്ടിരിക്കലല്ല പാര്‍ട്ടി പ്രവര്‍ത്തകരുടെ ബാധ്യത. നീതിന്യായ സംവിധാനത്തില്‍ പോയി എന്റെ നിരപരാധിത്വം തെളിയിക്കാന്‍ പറ്റുമെന്ന ബോധ്യമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബാധ്യതയല്ല അത്.
അതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണ്. എന്നോട് ഒരു ഹൈക്കമാന്‍ഡും രാജി ആവശ്യപ്പെട്ടിട്ടില്ല.
അത് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്ന ജോലി ഞാനും ചെയ്യാം. രാജി കുറ്റം ചെയ്തതുകൊണ്ടല്ല. എന്നെ ന്യായീകരിക്കേണ്ട ബാധ്യതയല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളത് എന്ന് മനസിലയാതുകൊണ്ടാണ്,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Content Highlight: Rahul Mankoottathil Replies on Allegations