| Saturday, 17th January 2026, 12:22 pm

അഴിക്കുള്ളിൽ തുടരും; മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ശ്രീലക്ഷ്മി എ.വി.

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല.

പത്തനംതിട്ട തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്. ജാമ്യം നിഷേധിച്ചതിനാൽ രാഹുലിന് ജയിൽ തുടരേണ്ടി വരും. മൂന്നാം ബലാത്സംഗ കേസിൽ ആദ്യ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്.

രാഹുൽ മുന്നോട്ടുവെച്ച വാദങ്ങളെല്ലാം നിരാകരിച്ചുകൊണ്ടാണ് ഒറ്റവരിയിൽ ജാമ്യം തള്ളികൊണ്ടുള്ള വിധി കോടതി പ്രഖ്യാപിച്ചത്.

തനിക്കെതിരായ പരാതിയും അറസ്റ്റും നിയമവിരുദ്ധമായി നടത്തിയതാണെന്നായിരുന്നു രാഹുലിന്റെ വാദം എന്നാൽ ഇതെല്ലം കോടതി നിരാകരിച്ചു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയായ അരുന്ധതി ദിലീപാണ് വിധി പ്രഖ്യാപിച്ചത്.

ഹാബിറ്റൽ ഒഫൻഡറായ രാഹുലിന് ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെയും പരാതിക്കാരിയെയും സ്വാധീനിക്കാൻ ശ്രമിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിജീവിതയ്‌ക്കെതിരെ സൈബർ ബുള്ളിയിങ് നടത്തുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഈ വാദങ്ങളെയെല്ലാം അംഗീകരിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്.

കേസിലെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ രാഹുലിന്റെ ഭാഗത്തുനിന്നും നിസഹകരണമാണ് ഉണ്ടായത്.

ചോദ്യം ചെയ്യലിലിടക്കം രാഹുൽ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോണിന്റെ പാസ് വേർഡ്, ലാപ്ടോപ്പ് തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

അറസ്റ്റ് റിപ്പോർട്ടിൽ ഒപ്പുവെക്കാതെയുള്ള അന്വേഷണ സംഘത്തോടുള്ള രാഹുലിന്റെ നിസഹകരണത്തെയും കോടതി നിരീക്ഷിച്ചു.

മൂന്നാം ബലാത്സംഗ കേസിലെ അതിജീവിതയുടെത് മാത്രമല്ല നിരവധിയായ സ്ത്രീകളുടെ നഗ്ന വീഡിയോ ദൃശ്യങ്ങൾ രാഹുലിന്റെ മൊബൈലിൽ മാത്രമല്ല മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലുമുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഈ തെളിവുകൾ കണ്ടെത്തുന്നതുവരെ രാഹുലിന് ജാമ്യമനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ഒന്നോ രണ്ടോ ബലാത്സംഗ കേസിൽ പ്രതിയാണോ എന്നതിനപ്പുറം രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരമായി സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൂടിയാണെന്നുള്ളത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Content Highlight: Rahul Mangkootatil will remain behind bars; no bail in third rape case

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more