| Monday, 5th May 2025, 12:17 pm

മനോവീര്യം തകര്‍ക്കരുത്; കെ.പി.സി.സി അധ്യക്ഷ ചര്‍ച്ചകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അതൃപ്തി; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷനെച്ചൊല്ലിയുള്ള ചര്‍ച്ചകളില്‍ പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റമായ രാഹുല്‍ മാങ്കൂട്ടത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. നിലവിലെ ചര്‍ച്ചകള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും തീരുമാനം എന്ത് തന്നെയാണെങ്കിലും അത് വേഗത്തില്‍ എടുക്കണമെന്നും രാഹുല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച അൃപ്തി രാഹുല്‍ പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നേരത്തെ നിലവിലെ കെ.പി.സി.സി അധ്യക്ഷനായ കെ.സുധാകരനും ചര്‍ച്ചകളെ തള്ളി രംഗത്തെത്തിയിരുന്നു. തന്നോട് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ ആരും പറഞ്ഞിട്ട് ഇല്ലെന്നും അങ്ങനെ പറയുന്നത് വരെ സ്ഥാനത്ത് തുടരുമെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

തുടര്‍ന്ന് സുധാകരനെ പിന്തുണച്ച് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. സണ്ണി ജോസഫ്, ആന്റോ ആന്റണി എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്ന പേരുകള്‍.

കഴിഞ്ഞ ദിവസം നേതൃമാറ്റ ചര്‍ച്ചയില്‍ സുധാകരനെ പിന്തുണച്ച് കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ കരുത്തന്മാര്‍ വേണമെന്നും സുധാകരന് ആ കരുത്തുണ്ടെന്നുമാണ് കെ. മുരളീധരന്‍ പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ നേതൃമാറ്റം നല്ലതല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് പോലെ എപ്പോഴും നേതൃമാറ്റ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും അത്തരത്തില്‍ ആവേശത്തോടെ യു.ഡി.എഫ് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ശരിയല്ലെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  Rahul Mangkootatil unhappy with KPCC presidency talks; Report

We use cookies to give you the best possible experience. Learn more