എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ കോൺഗ്രസ് സൈബർ വെട്ടുകിളികളെ ഇറക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിനെതിരെ ചോദ്യമുയർത്തുന്നവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം പ്രസ് ക്ലബിൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘അയാളുടെ സംരക്ഷണത്തിന് വെട്ടുകിളികളെ ഇറക്കുന്നു. രാഹുലിനെതിരെ ഒന്നും പറയാൻ പാടില്ല. പറഞ്ഞാൽ അവർക്കെതിരെ അസഭ്യവർഷവും അവഹേളനവും നടത്തുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മാങ്കൂട്ടത്തിലിന്റേത് ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതമാണെന്നും അദ്ദേഹം പറഞ്ഞു.
‘ആരും രാഹുലിനെ ചോദ്യം ചെയ്യാൻ പാടില്ല. ചോദ്യം ചെയ്തവർക്കുനേരെ സൈബർ ആക്രമണം നടത്തുന്നു. അദ്ദേഹത്തിന് ഒരു സംരക്ഷണവലയം തീർക്കുന്നതെന്തിനാണ്,’ മുഖ്യമന്ത്രി ചോദിച്ചു.
എല്ലാ വിവരങ്ങളും കോൺഗ്രസ് നേരത്തെ അറിഞ്ഞിരുന്നെന്നും എല്ലാം അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപമായിട്ടാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇത്തരം ആളുകളെ ഒഴിവാക്കി നിർത്താനല്ലേ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇങ്ങനെ ഒരു അധഃപതനം എങ്ങനെയാണ് ഒരു പാര്‍ട്ടിയില്‍പ്പെട്ട ആള്‍ക്ക് സംഭവിക്കുന്നത്. ഇതാണോ രാഷ്ട്രീയപ്രവര്‍ത്തനം. ആപ്പീസും പൂട്ടി സ്ഥലം വിട്ടിരിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Rahul Mangkootatil’s sexual perversion is shocking: Chief Minister