കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്ന് ഹൈക്കമാന്‍ഡ്. രാജി ഔദ്യോഗികമായി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കമാന്‍ഡിന് തന്നെ ഒന്നിലേറെ പരാതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കേരളത്തിലെ നേതാക്കള്‍ തന്നെയാണ് രാഹുലിനെതിരെയുള്ള വിഷയം ഹൈക്കമാന്‍ഡിനെ അറിയിച്ചത്.
പ്രാഥമിക പരിശോധനയില്‍ തന്നെ രാഹുലിനെതിരായ ആരോപണം ഗുരുതരമാണെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.
അതേസമയം ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് വിശദീകരണം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ആരോപണം എപ്പോഴും ചിരിച്ചു തള്ളാനാകില്ലെന്നും രാഹുല്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി സ്‌നേഹ പറഞ്ഞിരുന്നു.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കണമെന്നും സത്യം സമൂഹത്തെ അറിയിക്കാന്‍ സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നും സ്‌നേഹ പറഞ്ഞിരുന്നു.
ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകണമെന്നും ചര്‍ച്ച ചെയ്യാതിരിക്കേണ്ട കാര്യമെന്താണെന്നും സ്‌നേഹ ചോദിക്കുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണ വിധേയമായി മാറി നില്‍ക്കേണ്ട ഉത്തരവാദിത്തവും കടമയും അദ്ദേഹത്തിനുമുണ്ടെന്നും സ്‌നേഹ പറഞ്ഞു.
സത്യം സമൂഹത്തിന് അറിയണം. പെണ്ണുപിടിയനായ ഒരു സംസ്ഥാന പ്രസിഡന്റല്ല യൂത്ത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ നയിക്കുന്നത് എന്ന് സമൂഹത്തിന് തെളിയിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഉണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്.
ഒരു യുവനേതാവ് തന്നെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
രാഹുലിന്റെ പേര് നേരിട്ട് പറയാതെ എന്നാല്‍ രാഹുലാണെന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു റിന്‍സിയുടെ വെളിപ്പെടുത്തല്‍.
ഇതിന് പിന്നാലെ പാര്‍ട്ടി ഗ്രൂപ്പുകളില്‍ തന്നെ രാഹുലിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എഴുത്തുകാരി ഹണി ഭാസ്‌ക്കറും രാഹുലില്‍ നിന്ന് നേരിട്ട മോശം അനുഭവം പങ്കുവെച്ചിരുന്നു.
Content Highlight: Rahul Mangkootathil should resign says Highcommand