| Saturday, 30th August 2025, 9:39 am

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്, ക്രൈം ബ്രാഞ്ചിന് മുന്നില്‍ രാഹുല്‍ ഹാജരായേക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയ കേസില്‍ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഹാജരായേക്കില്ല. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് ലഭിച്ചില്ലെന്നും അതിനാലാണ് ഹാജരാകാത്തതുമാണെന്നാണ് രാഹുലിന്റെ വാദമെന്നാണ് പുറത്തുവന്ന വിവരം.

പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് വന്ന ശബ്ദസന്ദേശത്തില്‍ രാഹുലിന്റെ പേര് വന്നതോടെയാണ് അന്വേഷണം വീണ്ടും അദ്ദേഹത്തിലേക്കെത്തിയത്. പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി രാഹുലിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് രാഹുല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ഇന്ന് ഹാജരായില്ലെങ്കില്‍ മറ്റൊരു ദിവസം രാഹുലിനെ വിളിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇന്നലെ അടൂര്‍, ഏലംകുളം ഭാഗങ്ങളിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ നൂബിന്‍ ബിനുവിന്റെ ഫോണും സംഘടനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില രേഖകളും ഇന്നലത്തെ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ വിജയം ഉറപ്പാക്കാന്‍ വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയെന്നായിരുന്നു കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

കേസില്‍ ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ അഭിനന്ദ് വിക്രമിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയിലാണ് രാഹുലിന്റെ പേരും പരാമര്‍ശിക്കുന്നത്. അന്വേഷണത്തിനായി രാഹുലിന്റെ ഐ ഫോണ്‍ പരിശോധിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പാസ്‌വേര്‍ഡ് നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചതാണ് കാരണം.

Content Highlight: Rahul Mamkoottathil wont appear in front of Crime branch for duplicate ID case

We use cookies to give you the best possible experience. Learn more