| Saturday, 23rd August 2025, 12:07 pm

എം.എല്‍.എ. സ്ഥാനം രാജിവെക്കില്ല, അതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് രാഹുല്‍ അറിയിച്ചു. മോശമായി പെരുമാറിയെന്ന് യുവനടിയുടെ പരാതിയും പിന്നാലെ മറ്റുള്ളവരുടെ വെളിപ്പെടുത്തലും പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

എം.എല്‍.എ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു. ഷാഫി പറമ്പില്‍ മാധ്യമങ്ങളെ കണ്ടതിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ അടൂരിലെ തന്റെ വീട്ടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

കഴിഞ്ഞദിവസമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി യുവതികള്‍ രംഗത്തെത്തിയത്. യുവനടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് ഒരു യുവനേതാവ് തന്നോട് മോശം രീതിയില്‍ പെരുമാറിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ റിനി ഉദ്ദേശിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെയാണെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നു.

തുടര്‍ന്ന് എഴുത്തുകാരി ഹണി ഭാസ്‌കരനും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ മറ്റൊരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നു. ഇതോടെ വലിയ രീതിയില്‍ രാഹുലിനെതിരെ പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ രാജിവെച്ചു.

രാജിവെച്ചതിന് ശേഷവും രാഹുലിനെതിരെ കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. രാഹുല്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പിന്നാലെ പുറത്തുവന്നു. ഇതോടെ രാഹുല്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

പിന്നാലെ എം.എല്‍.എ സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തി. ഇന്നുതന്നെ മാധ്യമങ്ങളെ കണ്ട് സംസാരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: Rahul Mamkoottathil saying he won’t resign from MLA seat

We use cookies to give you the best possible experience. Learn more