തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ വ്യാജ ഐ.ഡി കാർഡ് കേസിൽ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് നൽകി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കാർഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ തെളിവൊന്നും ലഭിക്കാത്തതിനാൽ പ്രതിചേർത്തിട്ടില്ല. ശേഷം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയും രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത ആളുകളായ ഫെനി നൈനാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തില്‍ രാഹുലിന്‍റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കാതിരിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ ഇപ്പോഴും രാഹുല്‍ എം.എല്‍.എ സ്ഥാനത്ത് തുടരുകയാണ്. എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്നും സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി യുവതികള്‍ രംഗത്തെത്തിയത്. യുവനടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് ഒരു യുവനേതാവ് തന്നോട് മോശം രീതിയില്‍ പെരുമാറിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ റിനി ഉദ്ദേശിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെയാണെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നു. തുടര്‍ന്ന് എഴുത്തുകാരി ഹണി ഭാസ്‌കരനും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.
പിന്നാലെ മറ്റൊരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നു. ഒരു ട്രാൻസ് വുമണിനോട് കേരളത്തിന് പുറത്തുപോയി ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് രാഹുൽ പറഞ്ഞതായും വെളിപ്പെടുത്തൽ ഉണ്ടായി. ഇതോടെ രാഹുല്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എമ്മും ബി.ജെ.പിയും വലിയ പ്രതിഷേധമാണുയർത്തുന്നത്.
Content Highlight: Rahul Mamkootathil to be questioned again in fake ID card case