തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ തെളിവുകള്‍ നല്‍കി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് യുവതി ഗര്‍ഭഛിദ്രം ചെയ്തതെന്ന് സ്ഥാപിക്കാനുള്ള തെളിവുകളാണ് രാഹുല്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയില്‍ സീല്‍ഡ് കവറിലാണ് രാഹുല്‍ തെളിവുകള്‍ കൈമാറിയത്.
ബലാത്സംഗ കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ പുതിയ നീക്കം. നിലവില്‍ ഒമ്പത് തെളിവുകളാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ രാഹുല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ പെന്‍ഡ്രൈവുകള്‍ അടക്കം ഉള്‍പ്പെടുന്നു.
കേരളത്തിലെ ഒരു മാധ്യമസ്ഥാപനത്തിന്റെ ഉടമക്കെതിരായ തെളിവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാഹുലിനെതിരെ പരാതി നല്‍കാന്‍ ചാനല്‍ ഉടമ സമ്മര്‍ദം ചെലുത്തിയത് സംബന്ധിച്ച തെളിവാണിതെന്നാണ് സൂചന.
ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ പരാതിക്കാരി അവരുടെ ഭര്‍ത്താവിനൊപ്പമായിരുന്നു എന്നതിനുള്ള തെളിവും രാഹുല്‍ കൈമാറിയിട്ടുണ്ട്.
എന്നാല്‍ പൊലീസിന് നല്‍കിയ മൊഴി അനുസരിച്ച്, വിവാഹം കഴിഞ്ഞ് നാല് ദിവസം മാത്രമേ പരാതിക്കാരി ഭര്‍ത്താവിനൊപ്പം കഴിഞ്ഞിട്ടുള്ളു. ഒരു മാസം മാത്രം നീണ്ടുനിന്ന വിവാഹ ബന്ധമായിരുന്നു അതെന്നും ഇതിനുശേഷമാണ് രാഹുലുമായി സൗഹൃദത്തില്‍ ആയതെന്നുമാണ് യുവതിയുടെ മൊഴി.
മാത്രമല്ല, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ജോബി ജോസഫ് എത്തിച്ച മരുന്ന് കഴിച്ചാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി താന്‍ മരുന്ന് കഴിച്ചുവെന്ന് രാഹുല്‍ ബോധ്യപ്പെട്ടിരുന്നുവെന്നും യുവതി മൊഴി നല്‍കിയിരുന്നു.
ഈ ആരോപണങ്ങളെയെല്ലാം പ്രതിരോധിക്കാനുള്ള നീക്കമാണ് രാഹുല്‍ ഇപ്പോള്‍ നടത്തിയത്. അതേസമയം BNS 64 (അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള ബലാത്സംഗം), BNS 89 (നിര്‍ബന്ധിത ഗര്‍ഭഛിദ്രം)-(ജാമ്യമില്ലാ കുറ്റം), BNS 319 (വിശ്വാസ വഞ്ചന)-(അഞ്ച് വര്‍ഷം വരെ തടവ്), BNS 351 (ഭീഷണിപ്പെടുത്തല്‍)-(ഏഴ് വര്‍ഷം വരെ തടവ്), ഐ.ടി നിയമം 66 (ഫോണിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍), BNS 329 (അതിക്രമിച്ച് കടക്കുക)-(മൂന്ന് മാസം വരെ തടവ്), BNS 116 (കഠിനമായ ദേഹോപദ്രവം)-(ഏഴ് വര്‍ഷം തടവ്) എന്നീ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlight: Rahul mamkootathil submits evidence against woman to prove abortion was voluntary