തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ സ്റ്റാഫും കേസില്‍ പ്രതി.
രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ച കേസിലാണ് സ്റ്റാഫായ ഫസലിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. രാഹുലിനെ ബംഗളൂരുവില്‍ എത്തിച്ചത് ഫസലും ഡ്രൈവറായ ആല്‍വിനും ചേര്‍ന്നാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ലൈംഗികാതിക്രമ പരാതിയില്‍ സുഹൃത്തും അനുയായിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നിനൈനാനെ പ്രതിചേര്‍ത്തിരുന്നു.
പരാതിയില്‍ അതിജീവിത ഫെനി നൈനാന്റെ പേരും പരാമര്‍ശിച്ചതോടെയാണ് എസ്.ഐ.ടിയുടെ നടപടി.
രാഹുല്‍ തന്നെ ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാന്‍ ഉണ്ടായിരുന്നെന്നും അതിജീവിത പരാതിയില്‍ പറഞ്ഞിരുന്നു. കാര്‍ ഓടിച്ചത് ഫെന്നി നൈനാനാണെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.
അതേസമയം, രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവാണ് ഹരജി പരിഗണിക്കുക.
രാഹുലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഉന്നയിക്കില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു.കഴിഞ്ഞദിവസം രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന ആദ്യഘട്ടത്തില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ എ.ഐ.സി.സിയുടെ നിര്‍ദേശമുണ്ടായിട്ടും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കേരളത്തിലെ നേതാക്കള്‍ തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് കഴിഞ്ഞദിവസം രാഹുലിനെതിരായി നടപടി കൈക്കൊണ്ടിരിക്കുന്നത്.
Content Highlight: Rahul Mamkootathil’s staff Fasal is also on the list of accused.