| Sunday, 24th August 2025, 3:50 pm

'എന്തിനാടോ പാർട്ടിയെ നാണം കെടുത്തുന്നത്?' രാഹുൽ ഗാന്ധിയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ന്യായീകരണ പോസ്റ്റിനെതിരെ വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാർത്താ സമ്മേളനത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് വിമർശനം. രാഹുൽ ഗാന്ധിയുടെ ഫോട്ടോയോടൊപ്പം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താൻ ശ്രമിച്ചു, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്, പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്’ എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.

ലൈംഗിക ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്നടക്കം രാഹുൽ മാങ്കൂട്ടത്തിന്റെ രാജി ആവശ്യം ഉയരുന്നുണ്ട്. ഇന്ന് അദ്ദേഹം മാധ്യമങ്ങളെ കണ്ടെങ്കിലും ചോദ്യത്തിന് മറുപടി നൽകുകയോ ആരോപങ്ങൾ തെറ്റാണെന്ന് തെളിയിക്കുകയോ ചെയ്തില്ല. വാർത്താ സമ്മേളനത്തിന് ശേഷമാണ് രാഹുൽ കുറിപ്പ് പങ്കുവെച്ചത്.

എന്നാൽ രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ‘എന്തിനാടോ പാർട്ടിയെ ഇങ്ങനെ നാണം കെടുത്താൻ നിൽക്കുന്നത്. നീ മാധ്യമങ്ങളുടെ ചോദ്യങ്ങളുടെ മുമ്പിൽ മറുപടിയില്ലാതെ ഒളിച്ചോടുന്നു. പാവം പ്രവർത്തകർ എന്താണ് ചെയ്യേണ്ടത് നിന്നെപ്പോലെ വീടിനകത്ത് ഇരിക്കണോ?’ എന്നാണ് ഒരു ഫേസ്ബുക്ക് യൂസർ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

‘അണ്ണാ ഒന്ന് പൊട്ടി കരഞ്ഞുടെ’ , ‘കാണ്ടാമൃഗം തോറ്റ് പോവും’ തുടങ്ങിയ പരിഹാസ കമന്റുകളും ഉണ്ട്. ‘നിന്നെപ്പോലെ ഒരു പെണ്ണ് പിടിയനല്ല രാഹുൽ ഗാന്ധി’ എന്നും ‘രാഹുൽ ഗാന്ധി അല്ല രാഹുൽ മാങ്കൂട്ടത്തിൽ, ആ അകലം വളരെ വലുതാണ്. രാഹുൽ ഗാന്ധി ഇതുപോലുള്ള ഒരു ആരോപണം നേരിടേണ്ടിവന്നിട്ടില്ല. ഇതെല്ലാം നിഷേധിക്കണം ഇതെല്ലാം ഫേക്ക് ആണെന്ന് പറയണം. അത്രയെങ്കിലും മിനിമം മര്യാദ താങ്കളെ താങ്കൾ ആക്കി തീർത്ത ആ പ്രസ്ഥാനത്തോട് കാണിക്കണം’ എന്നും കമന്റുകളുണ്ട്.

Content Highlight: Rahul Mamkootathil’s Facebook post gets criticism

We use cookies to give you the best possible experience. Learn more