| Monday, 24th November 2025, 6:02 pm

രാഹുലിന്റേത് സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റവും ക്രിമിനല്‍ കുറ്റവും: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്ത യുവതിയുടെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാഹുലിനെതിരായ പരാതി കേവലം ഒരു രാഷ്ട്രീയ വിഷയമല്ല, മറിച്ച് സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റവും ക്രിമിനല്‍ കുറ്റവുമാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് ഒളിച്ചുകളിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘രാഹുലിനെതിരായ പരാതിയും കോണ്‍ഗ്രസിന്റെ കപട നാടകവും’ എന്നെഴുതികൊണ്ടാണ് വി. ശിവന്‍കുട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

രാഹുലിനെ സസ്പെന്‍ഡ് ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതൃത്വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും ‘നാടകം’ മാത്രമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. സസ്പെന്‍ഷന്‍ പ്രഖ്യാപിക്കപ്പെട്ട വ്യക്തി തന്നെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വേദികളിലും, തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും സജീവമായി നില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നതെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

സസ്പെന്‍ഷന്‍ നടപടി കടലാസില്‍ മാത്രമാണോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസ് നേതാക്കള്‍, സ്വന്തം എം.എല്‍.എയ്‌ക്കെതിരെ ഇത്രയും നീചമായ ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പ്രതികരിച്ചു.

കുറ്റാരോപിതനായ വ്യക്തിയെ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. ഇത് കേരളത്തിലെ സ്ത്രീകളോടും വോട്ടര്‍മാരോടും കാണിക്കുന്ന വെല്ലുവിളിയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം മാധ്യമങ്ങളിലൂടെ യുവതി നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച്, ഗര്‍ഭിണിയാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചപ്പോള്‍ രാഹുല്‍ യുവതിയോട് ദേഷ്യപ്പെടുകയും തെറി വിളിക്കുകയുമാണ് ചെയ്തത്. മാധ്യമങ്ങള്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ ഇത് വ്യക്തമാണ്.

ശേഷം രാഹുലിനോട് പ്രതികരണം തേടിയ മാധ്യമങ്ങളോട് ‘ഞാന്‍ നിയമനടപടി സ്വീകരിക്കും, അതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഫോണ്‍ സംഭാഷണം നിഷേധിക്കാനോ ആരോപണങ്ങളില്‍ കൃത്യമായ മറുപടി നല്‍കാനോ രാഹുല്‍ തയ്യാറായില്ല.

Content Highlight: Rahul Mamkootathil’ s actions are an invasion of femininity and a criminal offense: V. Sivankutty

We use cookies to give you the best possible experience. Learn more