| Wednesday, 27th August 2025, 6:17 pm

രാഹുലിന് തിരിച്ചടി; ലൈംഗിക ആരോപണങ്ങളിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്. ക്രൈംബ്രാഞ്ചിന്റെതാണ് നടപടി. ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്.

ഇന്ന് (ബുധന്‍) നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും ഗർഭിണിയെ കൊല്ലാൻ സമയംവേണ്ട എന്നുപോലും രാഹുൽ പറയുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗര്‍ഭം ധരിച്ച സ്ത്രീയെ കൊല്ലുമെന്ന് പറയുന്നത് ക്രിമിനല്‍ രീതിയാണെന്നും രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയത്. നിലവില്‍ രാഹുലിനെതിരായ ആരോപണങ്ങളില്‍ യുവതികള്‍ നേരിട്ട് പരാതികള്‍ നല്‍കിയിട്ടില്ല.

എന്നാല്‍ രാഹുലിനെതിരെ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളിലും രാഹുലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘത്തെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് പരാതികള്‍  പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

തുടര്‍ന്ന് ഈ പരാതികളില്‍ കേസെടുക്കാന്‍ കഴിയുമോയെന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇപ്പോൾ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് മുമ്പാകെയും പരാതിയുണ്ട്. രാഹുലിനെതിരായ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന ആരോപണത്തെ അടിസ്ഥാനമാക്കിയായിരുന്നു പരാതി.

അതേസമയം രാഹുലിനെതിരെ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട ഓഡിയോ സംഭാഷണങ്ങളില്‍, എം.എല്‍.എ യുവതികളെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. ഓഡിയോ സംഭാഷണങ്ങള്‍ക്ക് പുറമെ രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു.

Content Highlight: Rahul Mamkootathil hits back; Crime Branch registered a case on sexual allegations

We use cookies to give you the best possible experience. Learn more