| Thursday, 12th February 2026, 10:28 am

ഒന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം

രാഗേന്ദു. പി.ആര്‍

കൊച്ചി: ഒന്നാമത്തെ ബലാത്സംഗക്കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ ഹാജരാക്കണം, ജനുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം, കേരളം വിടരുത്, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, വൈദ്യപരിശോധനയ്ക്ക് വിധേയമാകണം, അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ രാഹുലിനെ വിടാം എന്നിവയാണ് ഉപാധികള്‍

ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ജനുവരി 16 മുതല്‍ മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.

പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു രാഹുലിന്റെ വാദം.

രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. രാഹുലിന് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും ജീവന് പോലും ഭീഷണിയാകുമെന്നും അതിജീവിത തടസഹരജിയില്‍ പറഞ്ഞിരുന്നു.

2025 നവംബര്‍ 27നാണ് രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പിന്നാലെ രാഹുല്‍ ഒളിവില്‍ പോകുകയും യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു

നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നടക്കം ആരോപിച്ചുള്ള യുവതിയുടെ പരാതിയില്‍ നേമം പൊലീസാണ് കേസെടുത്തത്. പ്രസ്തുത കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ മൂന്ന് പീഡന കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യത്തിലാണ്. രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യവും മൂന്നാമത്തെ കേസില്‍ ജാമ്യവുമാണ് ലഭിച്ചത്.

മൂന്നാമത്തെ കേസിലെ 14 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് രാഹുലിന് ജാമ്യം കിട്ടിയത്.

Content Highlight: Rahul Mamkootathil granted anticipatory bail in first rape case

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more