| Sunday, 30th November 2025, 7:58 am

രാഹുല്‍ നല്‍കിയത് ജീവന്‍ അപകടത്തിലാക്കുന്ന ഭ്രൂണഹത്യ മരുന്നുകള്‍; യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു; ആശുപത്രി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയായ യുവതിക്ക് നല്‍കിയ ഗര്‍ഭഛിദ്ര മരുന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയെന്ന് ആശുപത്രി രേഖകള്‍.

യുവതി മാനസികമായും തകര്‍ന്നെന്നും ആത്മഹത്യക്ക് ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം നഗരത്തിലെ ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയത്.

രാഹുല്‍ യുവതിക്ക് സുഹൃത്ത് വഴി നല്‍കിയത് ട്യൂബല്‍ പ്രഗ്നനന്‍സി സംഭവിക്കാന്‍ സാധ്യതയുള്ള, ജീവന്‍ പോലും അപകടത്തിലാക്കുന്ന മരുന്നുകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗര്‍ഭം സ്ഥിരീകരിച്ച് ഏഴാഴ്ച വരെ കഴിക്കാവുന്ന മരുന്നാണ് യുവതിക്ക് നല്‍കിയത്. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ്  ഈ മരുന്ന് കഴിച്ചത്. തുടര്‍ന്ന് യുവതിക്ക് അമിതമായ രക്തസ്രാവമുണ്ടാവുകയും ഐ.സി.യുവില്‍ ചികിത്സ തേടുകയും ചെയ്തു. മനോരമ ന്യൂസാണ് ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇതിനിടെ, യുവതിയെ പീഡനത്തിനിരയാക്കിയ ഫ്‌ളാറ്റിലെത്തി തെളിവെടുക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. കൂടാതെ, ലൈംഗികാരോപണത്തില്‍ രാഹുലിന്റെയും പരാതിക്കാരിയുടെയും പുറത്തെത്തിയ ഓഡിയോ റോക്കോര്‍ഡിങ്ങുകളുടെ ആധികാരികതയും അന്വേഷണ സംഘം പരിശോധിക്കും.

ശാസ്ത്രീയ പരിശോധനയിലൂടെ ഫോണ്‍ കോള്‍ റെക്കോര്‍ഡിങ്ങുകള്‍ യഥാര്‍ത്ഥമാണെന്ന് തെളിയിക്കാനാണ് പൊലീസിന്റെ നീക്കം. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് യുവതി പുറത്തുവിട്ട ശബ്ദ സാമ്പിളുകള്‍ പരിശോധിക്കും.

കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കഴിഞ്ഞദിവസം പരാതിക്കാരിക്കെതിരെ തെളിവുകളുമായി രാഹുല്‍ കോടതിയെ സമീപിച്ചിരുന്നു.

പീഡിപ്പിച്ചെന്ന് യുവതി ആരോപിച്ചിരിക്കുന്ന സമയത്ത് അവരുടെ ഭര്‍ത്താവിനൊപ്പമായിരുന്നെന്നും ഗര്‍ഭഛിദ്രം സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും തെളിയിക്കുന്ന രേഖകളാണ് കോടതിക്ക് സീല്‍ വെച്ച കവറില്‍ കൈമാറിയിരിക്കുന്നെന്നാണ് വിവരം.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. അതുവരെ പൊലീസിന്റെ കണ്ണുവെട്ടിക്കാനായിരിക്കും രാഹുലിന്റെ നീക്കം. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയിലെത്തുന്നതിന് മുമ്പായി രാഹുലിന് എതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

അതേസമയം, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതായി തെളിയിക്കുന്ന രേഖകളും പൊലീസിന് ലഭിച്ചു.

Content Highlight: Rahul Mamkootathil gave life-threatening feticide drugs to the victim; she tried to commit suicide; hospital report

We use cookies to give you the best possible experience. Learn more