പാലക്കാട്: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍. പാലക്കാട് നടന്ന കെ.എസ്.ആര്‍.ടി.സി ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണ് ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ പങ്കെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പരിപാടി കൂടിയാണിത്.
പാലക്കാട്-ബെംഗളൂരു കെ.എസ്.ആര്‍.ടി.സിയുടെ എ.സി ബസ് സര്‍വീസാണ് രാഹുല്‍ ഉദ്ഘാടനം ചെയ്തത്. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ന് (ഞായര്‍) രാത്രി ഒമ്പത് മണിയോടെയാണ് പരിപാടി നടന്നത്. രഹസ്യമായാണ് രാഹുല്‍ സ്ഥലത്തെത്തിയതെന്നാണ് വിവരം. പരിപാടിയുടെ ഫോട്ടോകള്‍ എം.എല്‍.എയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് സംഭവം പുറത്തെത്തിയത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ തടയുമെന്ന് ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം, ബി.ജെ.പി ഉള്‍പ്പടെയുള്ള സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കെയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.
നിയമസഭാ സമ്മേളനത്തില്‍ അടക്കം പങ്കെടുക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളില്‍ നിന്ന് രാഹുല്‍ വിലക്ക് നേരിടുന്നുണ്ട്. എന്നാല്‍ ഈ വിലക്കിനെ മറികടന്നുകൊണ്ട് രാഹുല്‍ സഭയിലെത്തിയിരുന്നു.
ലൈംഗികാതിക്രമ കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത്. ഓഗസ്റ്റ് 17ന് പാലക്കാട് നിന്ന് പോയ രാഹുല്‍ 38 ദിവസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 24ന് മണ്ഡലത്തിലും തിരിച്ചെത്തിയിരുന്നു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ സഹോദരനന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് രാഹുല്‍ പാലക്കാടെത്തിയത്. പിന്നീട് മണ്ഡലത്തിലുള്ള പലരെയും രാഹുല്‍ വ്യക്തിപരമായി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം യുവനടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റെനി ജോര്‍ജാണ് രാഹുലിനെതിരെ ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെ രാഹുലിന് എതിരെ കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവരികയായിരുന്നു. ശബ്ദ സന്ദേശം, വാട്സ്ആപ്പ്-ടെലഗ്രാം ചാറ്റ് തുടങ്ങിയ തെളിവുകളാണ് പുറത്തുവന്നത്.
Content Highlight: Rahul Mamkootathil flags off KSRTC bus