തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനെത്തി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ എതിര്‍പ്പും എ ഗ്രൂപ്പിലെ ഭിന്നാഭിപ്രായവും മറികടന്നാണ് രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിതിന് മുന്നോടിയായി കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
രാഹുല്‍ നിയമസഭയിലെത്തുന്നതിനെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും സംസാരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.
‘വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സഭ സ്തംഭിപ്പിക്കാനോ തടസപ്പെടുത്താനോ ഞങ്ങള്‍ തയ്യാറല്ല. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുലുമാണ്. ധാര്‍മികമായി നിയമസഭ സമ്മേളനത്തില്‍ വന്നിരിക്കാനുള്ള അവകാശം രാഹുലിനുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനമാണ് രാഹുല്‍,’ ശിവന്‍കുട്ടി പറഞ്ഞു.
ലൈംഗികാതിക്രമണക്കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത്.രാഹുലിനെതിരെ ആദ്യമായി പരാതിയുമായി രംഗത്തെത്തിയ യുവനടിയാണ്. ഇതിനുപിന്നാലെയാണ് രാഹുലിന് എതിരെ കൂടുതല്‍ പരാതികള്‍ പുറത്തെത്തിയത്.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തില്‍ നടിക്ക് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നു വന്ന 13 പരാതികളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഈ പരാതികളില്‍ അധികവും മൂന്നാംകക്ഷി നല്‍കിയതാണ്.