| Thursday, 11th December 2025, 12:23 pm

അന്ന് പരാതി കിട്ടിയ ഉടനെ ഡി.ജി.പിക്ക് കൈമാറിയതില്‍ മേനി പറഞ്ഞു; ഇന്ന് രാഷ്ട്രീയ പ്രേരിതമെന്ന്; നിലപാടില്‍ മലക്കം മറിഞ്ഞ് കെ.പി.സി.സി അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണങ്ങളിലെടുത്ത പാര്‍ട്ടി നടപടി ധീരമാണെന്ന് വിശേഷിപ്പിച്ച കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് നിലപാടില്‍ മലക്കം മറിഞ്ഞു.

രാഹുലിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്നും വെല്‍ഡ്രാഫ്റ്റഡായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്നും സണ്ണി ജോസഫ് ആരോപിച്ചു. കെ.പി.സിസിക്ക് ഇ-മെയില്‍ വഴി ലഭിച്ച രണ്ടാമത്തെ പരാതി സംബന്ധിച്ചാണ് കെ.പി.സി.സി അധ്യക്ഷന്റെ ആരോപണം.

പരാതി കിട്ടിയ ഉടനെ പൊലീസിനെ സമീപിച്ചെന്ന് മുമ്പ് പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്‍ ദിവസങ്ങള്‍ക്കിപ്പുറം കെ.പി.സി.സിക്ക് പരാതി മെയിലില്‍ ലഭിക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ക്കും പരാതി ലഭിച്ചെന്നും അതില്‍ സംശയമുണ്ടെന്നുമാണ് ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ് കൈയ്യൊഴിയാനും ശ്രമിച്ചു. കെ.പി.സി.സിയുടെ ഇപ്പോഴത്തെ നിലപാട് മാറ്റം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് സൂചന.

തുടക്കത്തില്‍ ശക്തമായ നിലപാടെടുത്തെന്ന പ്രതിഛായയ്ക്ക് വേണ്ടി ജനങ്ങള്‍ക്ക് മുന്നില്‍ പ്രതികരണങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതൃത്വം ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തന്നെ നിലപാടില്‍ വെള്ളം ചേര്‍ക്കുകയായിരുന്നു.

നേരത്തെ, പരാതി മെയിലില്‍ ലഭിച്ചയുടനെ തന്നെ ഡി.ജി.പിക്ക് പരാതി കൈമാറിയെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

പൊലീസ് കേസെടുക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തതോടെ രാഹുല്‍ ഒളിവില്‍ പോയി. പിന്നാലെ, കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നും രാഹുലിനെ പുറത്താക്കുകയും ചെയ്തു.

പിന്നീട്, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചതോടെ പേര് വെളിപ്പെടുത്താത്ത മെയിലില്‍ നിന്നും ലഭിച്ച പരാതിയെ സംബന്ധിച്ച് കോണ്‍ഗ്രസ് സംശയങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ബെംഗളൂരുവില്‍ താമസിക്കുന്ന പരാതിക്കാരി പൊലീസിന് വിശദമായി മൊഴി നല്‍കിയതോടെ പാര്‍ട്ടി നേതൃത്വത്തിന്റെ സംശയങ്ങള്‍ അസ്ഥാനത്താവുകയായിരുന്നു.

കെ.പി.സി.സി അധ്യക്ഷന്റെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. പെണ്‍കുട്ടി ചെയ്തതില്‍ തെറ്റില്ലെന്നും മുന്‍വിധിയോടെ പരാതിയെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെതിരെ ലഭിച്ച പരാതി രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റിന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷന്‍ തന്നെയല്ലേ പരാതി നല്‍കിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Content Highlight: Rahul Mamkootathil Case: KPCC president changes his stance

We use cookies to give you the best possible experience. Learn more